കണ്ണൂർ: സിപിഎം നേതാവിനെതിരെ സ്വഭാവദൂഷ്യത്തിന് പരാതി. പെരിങ്ങോം ഏരിയാ കമ്മിറ്റിയംഗം എം.വി സുനിൽകുമാറിനെതിരെയാണ് വനിതാപ്രവർത്തക പരാതി നൽകിയത്. കണ്ണൂർ ജില്ലാ കമ്മിറ്റിക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
രണ്ട് വർഷം മുമ്പാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ വന്നതോടെയാണ് ജില്ലാ നേതൃത്വത്തിന് പരാതി കൈമാറിയതെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയുണ്ട്.
കാംഗോൽ ആലപടമ്പ് പഞ്ചായത്ത് പ്രസിഡന്റാണ് ആരോപണ വിധേയനായ സുനിൽകുമാർ. പഞ്ചായത്ത് പ്രസിഡന്റ് അയച്ച വാട്സാപ്പ് സന്ദേശമടക്കം യുവതി പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. സ്വഭാവദൂഷ്യത്തിന് പരാതി നൽകിയതിന് ശേഷവും തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചുവെന്നതും യുവതി പരാതിയിൽ കുറ്റപ്പെടുത്തുന്നു. നേരത്തെ ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയതിന് പിന്നാലെ യുവതിക്കൊപ്പം നിന്നതിന് ലോക്കൽ കമ്മിറ്റിയംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യവും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
Comments