കൊച്ചി : കൊച്ചിയിൽ സ്ഫോടനം നടത്തും എന്ന രീതിയിൽ മെട്രോ കംപാർട്മെന്റുകളിൽ ഭീഷണി സന്ദേശം എഴുതിയ സംഭവം നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും, നിർത്തിയിട്ട മെട്രോയ്ക്ക് സമീപം ആരും കാണാതെ എത്തി എങ്ങനെ ഈ ഭീഷണി സന്ദേശം എഴുതി എന്ന ചോദ്യം ബാക്കിയാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. മെട്രോ യാർഡിൽ നുഴഞ്ഞു കയറി മണിക്കൂറുകൾ കൊണ്ടു നടത്തിയ പെയിന്റിങ് കെഎംആർഎല്ലിന്റെ സുരക്ഷാ വീഴ്ചയെയാണ് ഉയർത്തിക്കാട്ടുന്നത് എന്ന് കേന്ദ്ര ഏജൻസികളും വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഈ ഭീഷണിക്ക് പിന്നിൽ അന്താരാഷ്ട്ര ഗ്രാഫിറ്റി സംഘമായ റെയിൽ ഹൂൺസ് ആണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അന്താരാഷ്ട്ര തലത്തിൽ വിവിധ രാജ്യങ്ങളിൽ ഇത്തരം ഭീഷണിസന്ദേശങ്ങൾ എഴുതിവെക്കുകയും അവിടെ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന ഗ്രാഫിറ്റി സംഘമാണ് റെയിൽ ഹൂൺസ്. ഇന്ത്യയിൽ ഇവരുടെ പ്രവർത്തനം കുറവാണെങ്കിലും 2018 ൽ ഉൾപ്പെടെ കേരളത്തിലും ഈ സംഘത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
തിരുച്ചിറപ്പള്ളിയിലും ഷൊർണൂരിലും നിർത്തിയിട്ടിരുന്ന റെയിൽവേ ബോഗികൾക്കു പുറത്ത് സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച നിലയിലാണ് അന്ന് കണ്ടെത്തിയത്. ആർഎച്ച്എസ് എന്നു വായിക്കാവുന്ന തരത്തിലുള്ളതായിരുന്നു എഴുത്ത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് അന്വേഷണം നടന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. കേസെടുത്തെങ്കിലും ഒരു ഫലവുമുണ്ടായില്ല.
Comments