ന്യൂഡൽഹി : ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രർ ജെയിനിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ജൂൺ 9 വരെയാണ് ആം ആദ്മി നേതാവിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി സത്യേന്ദർ ജെയിൻ ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഭൂമി വാങ്ങാനും എടുത്ത വായ്പ തിരിച്ചടയ്ക്കാനും മന്ത്രി ഈ പണം ഉപയോഗിച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിന് 2017 ൽ ഇയാൾക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇഡിയും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജെയിനിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കഴിഞ്ഞ മാസം ഇഡി കണ്ടുകെട്ടിയിരുന്നു.
എന്നാൽ ജെയിൻ തികഞ്ഞ ദേശസ്നേഹിയാണെന്നും ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. കേന്ദ്ര ഏജൻസികൾ കേന്ദ്ര സർക്കാരിന്റെ താളത്തിനൊത്ത് തുള്ളുകയാണ്. ആം ആദ്മി പാർട്ടി സത്യസന്ധമായ രാഷ്ട്രീയ പാർട്ടിയാണെന്നും കേസിൽ ഒരു ശതമാനം വസ്തുതയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ജെയിനിനെതിരെ താൻ തന്നെ നടപടിയെടുക്കുമായിരുന്നു എന്നും കെജ്രിവാൾ പറഞ്ഞു.
Comments