ന്യൂഡൽഹി : ഇനിയൊരിക്കലും കോൺഗ്രസുമായി പ്രവർത്തിക്കില്ലെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പ് വിജയത്തിലെ തന്റെ ട്രാക്ക് റെക്കോർഡ് കോൺഗ്രസ് തെറ്റിച്ചു. അതിനാൽ ഇനിയൊരിക്കലും പാർട്ടിയെ സഹായിക്കില്ലെന്ന് തീരുമാനമെടുത്തതായി പ്രശാന്ത് കിഷോർ പറഞ്ഞു. ബീഹാറിൽ നടന്ന ജൻ സുരാജ് യാത്രയ്ക്കിടെയാണ് പ്രശാന്ത് കിഷോർ കോൺഗ്രസിനെ തള്ളിപ്പറഞ്ഞത്.
” കോൺഗ്രസ് മുങ്ങുന്ന പാർട്ടിയാണ്, എല്ലാവരെയും മുക്കിക്കളയും. തിരഞ്ഞെടുപ്പ് വിജയത്തിലെ എന്റെ റെക്കോർഡ് തകർത്തത് കോൺഗ്രസാണ്. ഇനി ഞാൻ അവർക്കൊപ്പം പ്രവർത്തിക്കില്ല. കോൺഗ്രസ് ഇനി ഒരിക്കലും നന്നാകില്ല” എന്നും അദ്ദേഹം പറഞ്ഞു.
2011 മുതൽ 2021 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഞാൻ നിരവധി പാർട്ടികളെ പിന്തുണച്ചിട്ടുണ്ട്. ”2015-ൽ ബീഹാറിൽ ജയിച്ചു. 2017-ൽ പഞ്ചാബിലും വിജയിച്ചു. 2019-ൽ ജഗൻ മോഹൻ റെഡ്ഡി ആന്ധ്രാപ്രദേശിൽ വിജയിച്ചു. തമിഴ്നാട്ടിലും ബംഗാളിലും വിജയം നേടി. ഈ 11 വർഷത്തിനിടെ 2017 ൽ ഉത്തർപ്രദേശിൽ മാത്രമാണ് പരാജയപ്പെട്ടത്. അതുകൊണ്ടാണ് ഇനി കോൺഗ്രസിനൊപ്പം പ്രവർത്തിക്കില്ലെന്ന് തീരുമാനമെടുത്തത്” എന്നും പ്രശാന്ത് കിഷോർ വിശദീകരിച്ചു.
Comments