കൊൽക്കത്ത: ബോളിവുഡിലെ ജനപ്രിയഗായകൻ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ പെട്ടന്നുണ്ടായ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല ഇന്ത്യൻ സംഗീതലോകം. ഗുരുദാസ് കോളേജ് ഫെസ്റ്റിലെ സംഗീതപരിപാടിയ്‌ക്ക് ശേഷം മടങ്ങിയ കെ കെ ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപതിയിൽ ചികിത്സ തേടുകയും മരണം സംഭവിക്കുകയുമായിരുന്നു.
ആൽബങ്ങളിലൂടെയും ജിംഗിളിലൂടെയും സിനിമാഗാനങ്ങളിലൂടെയും ആസ്വാദകരുടെ മനംകവർന്ന കെ കെയുടെ അവസാന നിമിഷങ്ങൾ മരണവാർത്തയ്‌ക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. . ആരാധകരോടൊപ്പം ആടിപ്പാടി സ്റ്റേജിൽ പാട്ടുപാടിയിരുന്ന കെകെ ഇടവേളകളിൽ അസ്വസ്ഥനാകുന്നതും വല്ലാതെ വിയർക്കുന്നതും കാണാം. എസി ഇടാൻ പറയുന്നതും തണുപ്പില്ലെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. 54 കാരനായ കെകെയുടെ അസ്വഭാവിക മരണത്തിൽ പോലീസ് ഇതിനോടകം തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/janamtv/videos/732981121385885
കെകെയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖർ തുടങ്ങിയവർ അനുശോചിച്ചു.
തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണ് കെകെയുടെ ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിക്കാൻ അറിയാം. മോൺട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാൽ കോളജിലും പഠനക്കാലത്ത് കിഷോർ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങൾ അദ്ദേഹം ഹൃദിസ്ഥമാക്കി.














