ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് കോൺഗ്രസ് വിട്ട പട്ടീദാർ നേതാവ് ഹാർദ്ദിക് പട്ടേൽ. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി ട്വിറ്ററിലൂടെയാണ് ഹാർദ്ദിക് ഇക്കാര്യം അറിയിച്ചത്.
ഇന്ന് മുതൽ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഹാർദ്ദിക് കുറിച്ചു.
ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേൽ സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഹാർദ്ദിക് പട്ടേൽ ബിജെപിയിൽ എത്തുന്നത് പാർട്ടിക്ക് ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ. കോൺഗ്രിസൽ ഹാർദ്ദിക്കിന് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്നാണ് നേതൃത്വവുമായി ഇടഞ്ഞ ശേഷം അദ്ദേഹം പാർട്ടി വിട്ടത്.
ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറായിരുന്ന ഹാർദ്ദിക് പട്ടേൽ മെയ് 18-നാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താൻ ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് ഹാർദ്ദിക് വ്യക്തമാക്കുകയായിരുന്നു. ഗുജറാത്തിലെ കോൺഗ്രസിന്റെ പട്ടേൽ സമുദായവോട്ട് ബാങ്കിന്റെ മുഖമായിരുന്നു പട്ടീദാർ നേതാവ്. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്‌നേഷ് മേവാനിക്കൊപ്പമാണ് 2019-ൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.
Comments