ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഒരു പോറൽ സംഭവിച്ചാൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ പാർലമെൻറംഗം അത്തയുള്ള. പിടിഐയുടെ ചെയർമാനായ ഇമ്രാൻ ഖാന്റെ ഒരു തലമുടിക്ക് പോലും പോറലേറ്റാൽ ചാവേർ ആക്രമണം നടത്തുമെന്നും തന്റെ പാർട്ടിക്കാർ അതിന് തയ്യാറാണെന്നും ഷെഹബാസ് ഷെരീഫ് സർക്കാരിനോട് അത്തയുള്ള പറഞ്ഞു.
”ഇമ്രാൻ ഖാന്റെ ഒരു തലമുടിക്കെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ രാജ്യം ഭരിക്കുന്നവർ ഇതോർക്കുക, നിങ്ങളോ നിങ്ങളുടെ കുട്ടികളോ പിന്നെ അവശേഷിക്കില്ല. നിങ്ങൾക്കെതിരെ ചാവേർ ആക്രമണം നടത്തുന്നത് ആദ്യം ഞാനായിരിക്കും, വെറുതെ വിടില്ല ഞാൻ. എന്നെപോലെ ആയിരക്കണക്കിന് പേർ സജ്ജരാണ്.” ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അത്തയുള്ള ഇക്കാര്യം സൂചിപ്പിച്ചത്.
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പിടിഐ നിയമസഭാംഗത്തിന്റെ പ്രസ്താവന. ഇമ്രാൻ ഖാന് എന്തെങ്കിലും സംഭവിച്ചാൽ അത് പാകിസ്താന് എതിരായുള്ള പ്രവൃത്തിയായി കണക്കാക്കുമെന്ന് ഇമ്രാൻ ഖാന്റെ അനന്തരവൻ ഹസ്സൻ നിയാസിയും നേരത്തെ സൂചിപ്പിച്ചിരുന്നു. ഇമ്രാന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കും. അതിനുത്തരവാദികളായവർ ദുഃഖിക്കേണ്ടി വരുമെന്നും ഹസ്സൻ നിയാസി പറഞ്ഞു.
അതേസമയം ചാവേർ ആക്രമണം ഉൾപ്പെടെയുള്ള ഭീഷണികൾ പുറത്തുവന്നതോടെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് ഇസ്ലാമാബാദ് പോലീസ്. നഗരത്തിലെ ബനി ഗാലയുടെ സമീപ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്ലാമാബാദിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.
പാകിസ്താനിലെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിലെ ബനി ഗാലയിൽ പിടിഐ ചെയർമാൻ ഇമ്രാൻ ഖാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. കൂടാതെ ഇമ്രാൻ ഖാനും പൂർണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഇസ്ലാമാബാദ് പോലീസ് അറിയിച്ചു.
Comments