ന്യൂഡൽഹി: ഒരു ഇടവേളയ്ക്ക് ശേഷമാണ് നാഷണൽ ഹെറാൾഡ് കേസ് വീണ്ടും വാർത്താ പ്രാധാന്യം നേടുന്നത്. 2012ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണിത്. ഡൽഹി കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്-എജെഎൽ എന്ന കമ്പനിയെ സോണിയയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ആരോപണം. 2000 കോടിയോളം വിലവരുന്ന സ്വത്തുവകകൾ തുച്ഛമായ വിലയ്ക്ക് സോണിയയും രാഹുലും ചേർന്ന് തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കിയെന്നും സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ പറയുന്നു.
2008ൽ 90 കോടിയുടെ കടബാധ്യതയുമായി നാഷണൽ ഹെറാൾഡ് അടച്ചുപൂട്ടിയിരുന്നു. ബാധ്യത തീർക്കാൻ നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് കോൺഗ്രസ് 90 കോടി രൂപ വായ്പ നൽകി. ഈ തുക തിരിച്ചടയ്ക്കാൻ എജെഎല്ലിന് കഴിഞ്ഞില്ല. 2010ൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത് സോണിയയും രാഹുലും ഡയറക്ടർമാരായി യങ് ഇന്ത്യ ലിമിറ്റഡ് രൂപീകരിച്ചു. ഇതോടെ കോൺഗ്രസ് നൽകിയ വായ്പ യങ് ഇന്ത്യയുടെ പേരിലേക്ക് മാറ്റി. യങ് ഇന്ത്യയ്ക്ക് പണം നൽകാനും എജെഎല്ലിന് കഴിഞ്ഞില്ല. ഇതോടെയാണ് കോടിക്കണക്കിന് രൂപയുടെ ആസ്തി യങ് ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്.
2010ലാണ് കമ്പനിയുടെ കൈമാറ്റ ഇടപാടുകൾ നടന്നത്. എ.ജെ.എൽ ഏറ്റെടുക്കാൻ യങ് ഇന്ത്യ ചെലവാക്കിയത് 50 ലക്ഷം രൂപ മാത്രമാണ്. ഇതിൽ വലിയ തോതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, സാം പിത്രോദ, ഓസ്കാർ ഫെർണാണ്ടസ്, സുമൻ ദുബെ തുടങ്ങിയവരാണ് കേസിൽ പ്രതികൾ. വിശ്വാസ ലംഘനം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2015ൽ സോണിയയും രാഹുലും ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യം എടുക്കുകയും ചെയ്തിരുന്നു.
2016 ഫെബ്രുവരിയിൽ സോണിയയും രാഹുലും ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളും ക്രിമിനൽ നടപടികൾ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2014 ഓഗസ്റ്റിലാണ് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നറിയുന്നതിനായി ഇഡി അന്വേഷണം ആരംഭിച്ചത്. സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിൽ പട്യാല ഹൗസ് കോടതിയിൽ നിയമ നടപടി തുടങ്ങിയപ്പോൾ തന്നെ ഇഡിയും ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചിരുന്നു. എജെഎല്ലിന്റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, പവൻ ബൻസാൽ തുടങ്ങിയ നേതാക്കളേയും ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു.
Comments