ലണ്ടൻ: ഓസ്കാർ ജേതാവും അഭിനേതാവുമായ കെവിൻ സ്പെയ്സിക്ക് നേരെ ലൈംഗികാരോപണമുണ്ടായതിന് പിന്നാലെ കേസെടുത്ത് ബ്രിട്ടീഷ് പോലീസ്. മൂന്ന് പുരുഷന്മാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് 62-കാരനായ കെവിനെതിരെയുള്ള കേസ്. സമ്മതം കൂടാതെ ഒരു പുരുഷനെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിനും കെവിനെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റെർ മജിസ്ട്രേറ്റ്സ് കോടതിയിൽ രാവിലെ 10 മണിക്ക് കെവിൻ ഹാജരാകണമെന്നാണ് നിർദേശം.
2017ലാണ് കെവിനെതിരെ ആദ്യമായി ലൈംഗികാരോപണങ്ങൾ ഉയരുന്നത്. 1997നും 2013നുമിടയിൽ കെവിനുമായി നേരിട്ട് ഇടപഴകിയ 20 പുരുഷന്മാരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ ടിവി ഷോയായ ഹൗസ് ഓഫ് കാർഡ്സിൽ നിന്നും സിനിമയായ ഓൾ ദ മണി ഇൻ ദ വേൾഡിൽ നിന്നും കെവിനെ പുറത്താക്കിയിരുന്നു. ഇതിനിടെ രണ്ട് തവണയാണ് കെവിൻ ഓസ്കാർ നേടിയത്.
എന്നാൽ തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും നടൻ നിഷേധിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കെവിൻ വ്യക്തമാക്കിയിട്ടുണ്ട്. നാളുകളായി തുടരുന്ന ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കുമൊടുവിൽ ബ്രിട്ടീഷ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ജൂൺ 16 മുതൽ കോടതിയിൽ വിചാരണ ആരംഭിക്കും.
Comments