അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് ഇന്ന് നൂറാം പിറന്നാൾ. ജന്മദിനം ആഘോഷമാക്കുന്നതിന് പ്രധാനമന്ത്രി ആശംസകളുമായി അമ്മയെ കാണാൻ നേരിട്ടെത്തും. ഇന്നലെ രാത്രിയോടെ അദ്ദേഹം ഗുജറാത്തിൽ എത്തിയിരുന്നു.
അഹമ്മദാബാദിലെ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവവ്രതയും നേരിട്ടെത്തിയാണ് സ്വീകരിച്ചത്. രാത്രി രാജ്ഭവനിൽ തങ്ങിയ ശേഷം ഇന്ന് അദ്ദേഹം ഹീരാബെൻ മോദിയെ കാണാനെത്തും.
പിറന്നാളിനോട് അനുബന്ധിച്ച് പാവ്ഗഢിലെ മഹാകാളി ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന പ്രത്യേക പൂജകളിലും അദ്ദേഹം പങ്കെടുക്കും. ക്ഷേത്ര ദർശനത്തിന് ശേഷം വഡോദര, ഖേദ, ആനന്ദ്, പഞ്ച്മഹൽ, വഡോദര, ഛോട്ടാ ഉദേപൂർ ജില്ലകളിലായി 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.
പ്രധാനമന്ത്രി തന്റെ വഡോദര സന്ദർശന വേളയിൽ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുൾപ്പെടെ 4 ലക്ഷത്തോളം ആളുകളെ അഭിസംബോധന ചെയ്യും. സർദാർ എസ്റ്റേറ്റിന് സമീപമുള്ള ലെപ്രസി ആശുപത്രിയിലാണ് പരിപാടി നടക്കുക.
Comments