ന്യൂഡൽഹി: രാജ്യത്ത് പ്രതിഷേധിക്കാനുളള അവകാശം എല്ലാവർക്കുമുണ്ടെന്നും പക്ഷെ അത് കലാപമുണ്ടാക്കാനുളളതല്ലെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ജനാധിപത്യ സംവിധാനത്തിൽ കലാപത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുമുതൽ നശിപ്പിക്കുന്നത് ദേശത്തിന്റെ പൊതുതാൽപര്യത്തെ ഹനിക്കുന്നതാണ്. ഇത്തരം തീവ്രവാദ നിലപാടുകൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ തീവണ്ടികൾക്ക് തീയിട്ടത് ഉൾപ്പെടെ വ്യാപകമായി പൊതുമുതൽ നശിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം രാജ്യം സാക്ഷിയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപരാഷ്‌ട്രപതിയുടെ വാക്കുകൾ.
ഉപരാഷ്‌ട്രപതി നിവാസിൽ ജെഎൻയു വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനാണ് പൗരൻമാർ ശ്രമിക്കേണ്ടതെന്നും ഇത്തരം അക്രമങ്ങൾ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊളോണിയൽ ഭരണകർത്താക്കൾ ഇന്ത്യക്കാരിൽ അപകർഷതാബോധം വളർത്താനാണ് ശ്രമിച്ചത്. എന്നാൽ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിൽ ഊറ്റം കൊളളുകയാണ് യുവതലമുറ ചെയ്യേണ്ടതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. വിവിധ ഭാഷകൾ സ്വായത്തമാക്കുന്നതിനൊപ്പം അവരവരുടെ മാതൃഭാഷയ്‌ക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.















