ബംഗളൂരു:ആരോഗ്യ പരിപാലനത്തിനു രാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സെന്റര്‍ ഫോര്‍ ബ്രെയ്ന്‍ റിസേര്‍ച്ചിന്റെ (സിബിആര്‍) ഉദ്ഘാടന വേളയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ബാഗ്ചി പാര്‍ത്ഥസാരഥി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു.
280 കോടി രൂപയുടെ സിബിആര്‍ പദ്ധതി ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സസ് (ഐഐഎസ് സി) കാമ്പസിലാണ് യാഥാര്‍ത്ഥ്യമാക്കിയത്. പ്രായവുമായി ബന്ധപ്പെട്ട മസ്തിഷ്ക വൈകല്യങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നതില്‍ മുന്‍ഗണന ഉണ്ടാകുമെന്ന് സിബിആര്‍ അധികാരികള്‍ അറിയിച്ചു.
പദ്ധതിയുടെ തറക്കല്ലിടാനും ഉദ്ഘാടനം നിര്‍വഹിക്കാനും അവസരം ലഭിച്ചതില്‍ അതീവ സന്തോഷവാനാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണ മേഖലയിലും മസ്തിഷ്ക വൈകല്യങ്ങളുടെ ചികിത്സയിലും രാജ്യത്തെ തന്നെ ഏറ്റവും വലിയ കേന്ദ്രമാകും സിബിആര്‍ എന്നും കൂട്ടി ചേര്‍ത്തു.
ബാഗ്ചി പാര്‍ത്ഥസാരഥി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി പോലെയുള്ള സംവിധാനങ്ങള്‍ ആരോഗ്യ മേഖലയെ അഭിവൃദ്ധിപ്പെടുത്തുമെന്നും ഗവേഷണ മേഖലയില്‍ വന്‍ കുതിപ്പ് സൃഷ്ടിക്കാനാകുമെന്നും മോദി വ്യക്തമാക്കി. എല്ലാ രാജ്യങ്ങളും ഒരേ സമയം ആരോഗ്യപരിപാലനത്തിന് പ്രധാന്യം കൊടുക്കുമ്പോള്‍ ബാഗ്ചി പാര്‍ത്ഥസാരഥി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി പോലെയുള്ള ആശുപത്രികള്‍ പ്രാധാന്യം അര്‍ഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ് ലോട്ട്,മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷി, ഇന്‍ഫോസിസ് കോ ഫൗണ്ടര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗോപാലകൃഷ്ണനും ഭാര്യ സുധ ഗോപാലകൃഷ്ണനും സിബിആറിന്റെ നിര്‍മാണത്തിനായി പണം മുടക്കിയിട്ടുണ്ടെന്നും അവരുടെ ഉദാര മനസ്സിന്റെ കൂടി ഫലമാണിതെന്നും ചടങ്ങില്‍ ഐഐഎസ്സി അധികാരി പറഞ്ഞു.
സുസ്മിത-സുബ്രതോ ബാഗ്ചി, രാധ-എന്‍.എസ് പാര്‍ത്ഥ സാരഥി എന്നീ ദമ്പതികള്‍ 425 കോടി രൂപയാണ് പദ്ധതിക്കായി സംഭാവന നല്‍കിയത്. പദ്ധതി നടപ്പാക്കുന്നതോടെ ഐഐഎസ്സി സ്വീകരിക്കുന്ന ഏറ്റവും വലിയ സ്വകാര്യ സംഭാവനയാകും ഇതെന്ന് ഐഐഎസ്സി ഡയറക്ടര്‍ പ്രഫ. ഗോവിന്ദന് രംഗരാജ് അറിയിച്ചു. 832 കിടക്കകള്‍ക്കുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്.
Comments