മുംബൈ: മഹാരാഷ്‌ട്ര എം എൽ സി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത പരാജയത്തോടെ ഭരണകക്ഷിയായ മഹാ വികാസ് അഖാഡിയിൽ ഉടലെടുത്ത രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ശിവസേന എം എൽ എമാർ കൂറുമാറിയെന്ന ആക്ഷേപത്തെ തുടർന്ന്, രാജി വെക്കാൻ തയ്യാറാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചതായാണ് റിപ്പോർട്ട്. എല്ലാത്തിനും പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ ആരോപണം നിഷേധിച്ച ബിജെപി, വിഷയത്തിൽ ഇടപെടാൻ സമയമായില്ലെന്ന് അറിയിച്ചു. കൃത്യമായ സമയമാകുമ്പോൾ യുക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നാരായൺ റാണെ വ്യക്തമാക്കി.
മഹാരാഷ്‌ട്ര എം എൽ സി തിരഞ്ഞെടുപ്പിൽ, പത്തിൽ നാല് സീറ്റുകളിലേക്കാണ് ബിജെപിക്ക് ജയസാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ അഞ്ച് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. ഭരണകക്ഷി എം എൽ എമാർ കൂറുമാറിയതാണ് കാരണമെന്ന ആരോപണം ഉയർന്നതോടെ സഖ്യസർക്കാരിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു.
കോൺഗ്രസ് എം എൽ എമാരാണ് കൂറുമാറിയത് എന്നായിരുന്നു ആദ്യം സംശയിക്കപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ രാത്രി മുതൽ 22 ശിവസേന എം എൽ എമാർ അപ്രത്യക്ഷരായി. അവർ സൂറത്തിലേക്ക് മാറിയതായി റിപ്പോർട്ട് വന്നു. തുടർന്ന്, സഖ്യനേതാക്കൾ അടിയന്തരമായി യോഗം ചേർന്നു. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ സിപിഐ നേതാവ് ഡി രാജയും പങ്കെടുത്തു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് എം എൽ എമാർ വിമത നീക്കം നടത്തിയത് എന്നതും വ്യക്തമായി.
35 എം എൽ എമാർ വിമത നീക്കത്തിന് പിന്നിലുണ്ട് എന്ന വാർത്തകളും വൈകാതെ പുറത്ത് വന്നു. എന്നാൽ എം എൽ എമാർ എല്ലാവരും ഒപ്പമുണ്ട് എന്ന് ശിവസേന ആവർത്തിച്ചു. ഇതിനിടെ കോൺഗ്രസ് പ്രത്യേക യോഗം ചേർന്നു. എം എൽ എമാർ കൂറ് മാറിയാൽ സർക്കാരിന്റെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ഭൂരിപക്ഷം നഷ്ടമാകുമെന്ന ഭയം കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ പരസ്യമാക്കി. ഇതോടെ കോൺഗ്രസും എൻസിപിയും തമ്മിൽ തർക്കം ആരംഭിച്ചു.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിക്ക് പോയതും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കൊപ്പം അദ്ദേഹം ഉടൻ മഹാരാഷ്‌ട്രയിൽ മടങ്ങിയെത്തും എന്നതുമാണ് നിലവിൽ പുറത്തു വരുന്ന വിവരങ്ങൾ. ദേവേന്ദ്ര ഫഡ്നവിസ് ഏകനാഥ് ഷിൻഡെയുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.
Comments