ഭോപാല്‍: പ്രോഗ്രാമുകളുടെ കാര്യക്ഷമതയും പ്രവര്‍ത്തനക്ഷമതയും പരിശോധിക്കുവാനുള്ള സംവിധാനമായ ടെസ്റ്റ്ബെഡ് മദ്ധ്യപ്രദേശിലെ മിലിറ്ററി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ (എംസിടിഇ) സ്ഥാപിക്കാനായി ധാരണപത്രം ഒപ്പുവെച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിന്റെ (ഐഐടി-എം) സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിങ്കാളാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് എംസിടിഇ-ഐഐടി-എം ധാരണാപത്രം ഒപ്പുവെച്ചത്.
ടെസ്റ്റ്ബെഡിന്റെ സേവനങ്ങള്‍ അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ സേനയ്ക്ക് ഉപയോഗിക്കാനാകും. ധാരണാപത്രം ഒപ്പുവെച്ചത് വഴി പുതിയ സാങ്കേതിക വിദ്യകളുടെ വികസനത്തിനും ആശയ കൈമാറ്റത്തിനും സഹായകമാകും. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യപകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും 5ജി മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും പ്രചോദനമാകും ടെസ്റ്റ്ബെഡ്.
കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ഇന്ത്യന്‍ ആര്‍മിയുടെ പദ്ധതിയായ ‘ആത്മ നിര്‍ഭരത്’ ത്വരിതപ്പെടുത്താന്‍ എംസിടിഇ-ഐഐടി-എം സഹകരണം സഹായിക്കും. പ്രതിരോധ മേഖലയില്‍ പരീക്ഷണത്തിന് അവസരം നല്കുന്നതിനാല് വികസനത്തിനും ഗവേഷണത്തിനും ഉല്‍പ്രേരകമാകും.
5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ടെലികോം മന്ത്രാലയം നോട്ടീസ് പുറത്തിറക്കിയിരുന്നു. 21ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗത നിര്‍ണ്ണയിക്കുക കണക്ടിവിറ്റി ആയിരിക്കും. അതുകൊണ്ട് കണക്ടിവിറ്റി എല്ലാത്തലത്തിലും നവീകരിക്കേണ്ടതായുണ്ട്. 5ജി സാങ്കേതിക വിദ്യ രാജ്യത്തിന്റെ ഭരണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. എല്ലാ മേഖലകളിലും വലിയ പുരോഗതിയുണ്ടാകും. ടെലികോം മേഖല സ്വയംപര്യാപ്തത കൈവരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ കേന്ദ്രമാണ് ഇന്ത്യ. 5ജിയുടെ വരവോടു കൂടി ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ 540 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കപ്പെടും. ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കുക മാത്രമല്ല 5ജി വികസനത്തിന്റേയും തൊഴിലവസരത്തിന്റേയും വേഗത വര്‍ദ്ധിപ്പിക്കുമെന്നും ടെലികോം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Comments