മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പഴയ പ്രസംഗ വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കോൺഗ്രസുമായി കൂട്ടുകൂടുന്നവരെ, ഇറ്റാലിയൻ വനിതയെ കുമ്പിടുന്ന നട്ടെല്ലില്ലാത്തവർ എന്നാണ് 2010ൽ ബാൽ താക്കറെ വിശേഷിപ്പിച്ചത്. താക്കറെയുടെ വാക്കുകൾ ഉദ്ധവിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ഏകനാഥ് ഷിൻഡെ പക്ഷം.
ബാൽ താക്കറെയുടെ ആദർശങ്ങളിൽ നിന്ന് ശിവസേന പിന്മാറി എന്നതാണ് ഷിൻഡെ പക്ഷം ഉന്നയിക്കുന്ന പ്രധാന വിമർശനം. 2010ലെ ദസ്സറ റാലിയുടെ ഭാഗമായി കോൺഗ്രസിനെതിരെ ബാൽ താക്കറെ നടത്തിയ വിമർശനമാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. കോൺഗ്രസ് പാർട്ടിയിൽ നിരവധി നട്ടെല്ലില്ലാത്തവർ ഉണ്ടെന്നും അവർ ഒരു ഇറ്റാലിയൻ വനിതക്ക് ചുറ്റും കുമ്പിടുകയാണെന്നുമായിരുന്നു താക്കറെയുടെ വിമർശനം.
കോൺഗ്രസ് പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ നട്ടെല്ലില്ലാത്ത വർഗ്ഗം അധികാരത്തിൽ നിന്നും പോയാൽ അല്ലാതെ ഈ രാജ്യം ഗതിപിടിക്കില്ലെന്നും പ്രസംഗത്തിൽ ബാൽ താക്കറെ പറയുന്നു. മുഗൾ, ബ്രിട്ടീഷ് ഭരണങ്ങൾക്ക് ശേഷം രാജ്യത്ത് ഇറ്റാലിയൻ ഭരണം സ്ഥാപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇസ്ലാമികവാദികൾക്ക് മുൻഗണന നൽകിയ നെഹ്രുവും രാജ്യത്തെ ശിഥിലമാക്കിയെന്നും താക്കറെ ആരോപിക്കുന്നു.
മകൻ ഉദ്ധവ് താക്കറെയുടെ സാന്നിദ്ധ്യത്തിലായിരുന്നു ബാൽ താക്കറെയുടെ പ്രസംഗം. ആ ഉദ്ധവ് ആണ് പിന്നീട് കോൺഗ്രസിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച്, ഇപ്പോൾ നാണം കെട്ട പടിയിറക്കത്തിന്റെ വക്കിൽ നിൽക്കുന്നത് എന്നതാണ് വിരോധാഭാസം. തന്റേതാണ് യഥാർത്ഥ ശിവസേനയെന്നാണ് വിമത നേതാവ് ഏകനാഥ് ഷിൻഡെയുടെ വാദം. ബാലാസാഹേബ് താക്കറെ വിഭാവനം ചെയ്ത ഹിന്ദുത്വവാദി ശിവസൈനികർ എനിക്കൊപ്പമാണ്. കുറച്ചു പേർ അകന്ന് നിൽക്കുകയാണ്. എന്നാൽ ഹിന്ദുത്വം എന്ന പൊതുധാരയിൽ നിന്ന് മാറി അധികകാലം അവർക്ക് തുടരാൻ കഴിയില്ലെന്നും ഷിൻഡെ പറയുന്നു.
‘ഞങ്ങൾ ബാൽ താക്കറെയുടെ ശിവസൈനികരാണ്. ബാലാസാഹേബ് ആണ് ഞങ്ങളെ ഹിന്ദുത്വം അഭ്യസിപ്പിച്ചത്. ബാലാസാഹേബിന്റെയും ആനന്ദ് ഡീഗെ സാഹേബിന്റേയും ഹിന്ദുത്വത്തെ അധികാരത്തിന് വേണ്ടി വഞ്ചിക്കാൻ ഒരു കാരണവശാലും ഞങ്ങൾ തയ്യാറാകില്ല.‘ ഇതായിരുന്നു ഏകനാഥ് ഷിൻഡെയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്.
Comments