ശ്രീനഗർ: ഈ വർഷം ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ കണക്കുകൾ പുറത്തുവിട്ട് കശ്മീർ പോലീസ്. ഇതുവരെ 118 പേരെ ജമ്മുകശ്മീർ മേഖലയിൽ വധിച്ചെന്നാണ് വെളിപ്പെടുത്തൽ. ഇതിൽ 32 പേർ വിദേശികളായ ഭീകരരാണെന്നും റിപ്പോർട്ടിലുണ്ട്.
‘ഇതുവരെ 32 വിദേശ ഭീകരർ അടക്കം 118 പേരെ വധിക്കാൻ കശ്മീർ പോലീസിനായി. കഴിഞ്ഞ വർഷം രണ്ടു വിദേശികളടക്കം 55 ഭീകരരെയാണ് ഏറ്റുമുട്ടലിനൊടുവിൽ വധിച്ചത്. വധിക്കപ്പെട്ട 118ൽ 77 പേരും നേരിട്ട് പാകിസ്താനിൽ പോയി പരിശീലനം നേടി വന്നവരും ലഷ്‌ക്കർ- ജയ്‌ഷെ ഭീകരസംഘടനകളുടെ അനുയായികളുമാണ്.’ കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച ബാരാമുള്ളയിൽ സൈന്യം വധിച്ച ഭീകരൻ ആരാണെന്ന് തിരിച്ചറി ഞ്ഞിട്ടില്ല. ഈ ആഴ്ചയിൽ മാത്രം മൂന്ന് പാക് ഭീകരർ അടക്കം ഏഴുപേരെ വധിച്ചതായി കശ്മീർ പോലീസ് മേധാവി വിജയ്കുമാർ വ്യക്തമാക്കി.
പുൽവാമയിലെ ചാത്‌പോരയിലും കുൽഗാമിലെ ഡിഎച്ച് പോരയിലുമാണ് ഈ ആഴ്ച ഏറ്റുമുട്ടലുണ്ടായത്. കരസേനയുടെ 28 രാഷ്‌ട്രീയ റൈഫിൾസുമായി ചേർന്നാണ് കുപ്‌വാരയിൽ സംയുക്ത റെയ്ഡ് നടന്നതെന്നും വിജയ്കുമാർ പറഞ്ഞു.
കശ്മീരിൽ സാധാരണക്കാരേയും പ്രമുഖരേയും ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്നും ഭീകരർക്ക് പുറമേ നിന്നും അകത്തു നിന്നും സഹായം ചെയ്യുന്ന എല്ലാവരെക്കൂറിച്ചുമുള്ള വിവരങ്ങൾ അറിയുന്നമുറയ്‌ക്ക് ഉടൻ നടക്കുന്ന റെയ്ഡുകളാണ് ഭീകരരെ വധിക്കാൻ സഹായമാകുന്നതെന്നും വിജയ് കുമാർ പറഞ്ഞു.
Comments