ക്വാലാലംപൂർ: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ തലയിൽ തേങ്ങ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മലേഷ്യയിലെ ജെലാൻ തേലൂക്ക് കുംബാർ മേഖലയിലാണ് സംഭവമുണ്ടായത്. തലയിലേക്ക് തേങ്ങ വീണതിന് പിന്നാലെ സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ യുവതി ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പ്രതികരിച്ചു.
യുവതിയുടെ സ്കൂട്ടറിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡിലെ ക്യാമറ അപകടം പകർത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് ദൃശ്യങ്ങൾ വൈറലായത്. റെഡ്ഡിറ്റിലൂടെയാണ് വീഡിയോ പുറത്തുവന്നത്. 28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണ് ദൃശ്യങ്ങൾ.
A coconut fell straight on a biker’s head. from nevertellmetheodds
യുവതിയും സുഹൃത്തും ചേർന്ന് ജെലാൻ തേലൂക്ക് കുംബാറിൽ നിന്നും ജോർജ്ജ് ടൗണിലേക്ക് പോകുകയായിരുന്നു. പെട്ടെന്നാണ് ബാസ്കറ്റ് ബോളിന് സമാനമായ ആകൃതിയിലും വലിപ്പത്തിലുമുള്ള തേങ്ങ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന യുവതിയുടെ തലയ്ക്ക് മുകളിൽ വീണത്. ഇതോടെ യുവതി സ്കൂട്ടറിൽ നിന്ന് നിലത്തേക്ക് മലർന്നടിച്ച് വീഴുകയും തലയിലെ ഹെൽമെറ്റ് തെറിച്ച് പോകുകയും ചെയ്തു. ഉടൻ തന്നെ സ്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്ത് വാഹനം നിർത്തി. നാട്ടുകാർ ഓടിക്കൂടി യുവതിയെ ആശുപത്രിയിൽ എത്തിച്ചു.
മലേഷ്യയിലെ താമൻ എമാസ് സ്വദേശിയായ പുവാൻ അനിതയ്ക്കാണ് അപകടം സംഭവിച്ചതെന്നും നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. റോഡിലേക്ക് ചായ്ഞ്ഞു നിൽക്കുന്ന തെങ്ങുകൾ വെട്ടിമാറ്റാൻ അധികാരികൾ നിർദേശം നൽകിയെന്നാണ് വിവരം.
Comments