അഹമ്മദാബാദ് :ഗുജറാത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നത് അഞ്ച് ലക്ഷത്തിലധികം കുട്ടികളെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി
ജിതു വഘാനി. മൂന്ന് ദിവസം നീണ്ട് നിന്ന ശാല പ്രവേശനോത്സവ് യജ്ഞത്തില്‍ 5.72 ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നതില്‍ 2.80 ലക്ഷം പെണ്‍കുട്ടികളും 2.91 ലക്ഷം ആണ്‍കുട്ടികളുമാണ്. 2003 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ആരംഭിച്ച പദ്ധതിയുടെ 17ാം പതിപ്പ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജൂണ്‍ 23നാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ നല്ല ഭാവിയെ ഓര്‍ത്ത് ഇത്തരം ഒരു പദ്ധതി ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജിതു വഘാനി നന്ദി അറിയിക്കുകയും ചെയ്തു.
സംസ്ഥാനത്തെ 30,880 സര്‍ക്കാര്‍ സ്കൂളുകളിലാണ് എന്റോള്‍മെന്റ് നടന്നത്. 2.30 ലക്ഷം പെണ്‍കുട്ടികളില്‍ 1.12 ലക്ഷം പേര് അംഗംണവാടിയിലും ചേര്‍ന്നെന്ന് മന്ത്രി വ്യക്തമാക്കി.1,775 ഭിന്നശേഷിക്കാരായ കുട്ടികളും വിവിധ സ്കൂളുകളിലായി ചേര്‍ന്നു. കുട്ടികളെ സ്കൂളുകളില്‍ എത്തിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനായി 28.53 കോടി രൂപയാണ് സഹായമായി ലഭിച്ചത്. ബാനസ്കാന്ത ജില്ലയിലെ കാശിപുര ഗ്രാമവാസി 10 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയാണ് സംഭാവന ചെയ്തത്. 25.93 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച 494 ക്ലാസ്സ്മുറികളുടെ ഉദ്ഘാടനവും യജ്ഞത്തിന്റെ ഭാഗമായി നടന്നു. 2,364 സ്കൂളുകളിലെ കുട്ടികളുടെ ഗതാഗത സൗകര്യവും ഉറപ്പാക്കി.
Comments