കൊച്ചി: എറണാകുളം ജില്ലയിലെ 155 സ്കൂളുകള്‍ക്ക് ഉച്ചഭക്ഷണ വിതരണം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നിര്‍ദേശം. ജില്ലാടിസ്ഥാനത്തില്‍ 930 ഗവണ്മെന്റ് എയ്ഡഡ് , സ്പെഷ്യല്‍ സ്കൂളുകളിലാണ് പരിശോധന നടത്തിയത്. രണ്ട് ഘട്ടത്തിലായി നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നിടം, കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷണത്തിന്റെ നിലവാരം തുടങ്ങിയവയാണ് പരിശോധിച്ചത്.
പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ആറു മാസത്തിലൊരിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചു. പഴകിയതും കേടുപാടുകള്‍ വന്നതുമായ പാത്രങ്ങള്‍ ഉപേക്ഷിക്കനും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാചകക്കാര്‍ക്കും ലഭ്യമാക്കാനും നിര്‍ദേശമുണ്ട്. ഉപയോഗ ശേഷം പാത്രങ്ങള്‍ ചൂട് വെള്ളം ഉപയോഗിച്ച് കഴുകണമെന്നും വ്യക്തമാക്കി.
സുരക്ഷ സംവിധാനങ്ങളുടെ അഭാവം ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ആഹാരം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തി ഇല്ലാത്തതാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചില സ്കൂളുകളില്‍ അടുക്കളയില്‍ വേണ്ടത്ര സൗകര്യമില്ല. മാലിന്യ സംസ്കരണ സംവിധാനത്തിന്റെ അപര്യാപ്തതയും വ്യക്തമാക്കി.ഭൂരിഭാഗം സ്കൂളുകളിലും നിലവാരം കുറഞ്ഞ അരിയും മറ്റുമാണ് ഉപയോഗിക്കുന്നത്.
Comments