മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഉദ്ധവിനെ വിമർശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ. എൻസിപിയുമായും കോൺഗ്രസുമായും തങ്ങളുടെ തത്ത്വങ്ങൾക്ക് എതിരായ സഖ്യത്തിലേർപ്പെട്ട ഉദ്ധവ് താക്കറ നഷ്ടമാക്കിയത് മുഖ്യമന്ത്രി സ്ഥാനം മാത്രമല്ല എന്ന് അമിത് മാളവ്യ പ്രതികരിച്ചു. ബാലാസാഹെബിന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തതെന്നും മാളവ്യ ട്വിറ്ററിൽ കുറിച്ചു.
മഹാ വികാസ് അഖാഡി സംഖ്യത്തിന്റെ തകർച്ച ശരദ് പവാറിനേറ്റ വലിയ തിരിച്ചടിയാണ്. ഈ സഖ്യത്തിന്റെ ശില്പിയായി അദ്ദേഹം സ്വയം സങ്കൽപിച്ച് അഹങ്കരിച്ചുവെന്നും അമിത് മാളവ്യ പറഞ്ഞു. അധികാരത്തിലില്ലെങ്കിലും സർക്കാരുകളെ നിയന്ത്രിക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു ബാലാസാഹേബ് താക്കറെ. എന്നാൽ അധികാരത്തിലിരുന്നിട്ടും പാർട്ടിയെ നിയന്ത്രിക്കാൻ പോലും മകന് സാധിച്ചില്ല എന്നും ഉദ്ധവിനെ അമിത് മാളവ്യ വിമർശിച്ചു.
വൈകാരിക പ്രസംഗത്തിലൂടെയാണ് ഉദ്ധവ് രാജി അറിയിച്ചത്. ഒരാഴ്ചയിലേറെ നീണ്ട മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നാടകങ്ങൾക്കാണ് ഇതോടെ തിരശ്ശീല വീണത്. ശിവസേനയുടെ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉദ്ധവിന്റെ ആവശ്യം കോടതി തള്ളി. ഗവർണറുടെ നിർദ്ദേശപ്രകാരം നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. എന്നാൽ കേവല ഭൂരിപക്ഷം തികയ്‌ക്കാൻ പോലും തനിക്ക് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഉദ്ധവ് സ്വയം കസേരയൊഴിയുകയായിരുന്നു.
Comments