മുംബൈ: മഹാരാഷ്ട്രയിൽ ഭരണ നഷ്ടത്തിലിരിക്കുന്ന ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് വീണ്ടും തിരിച്ചടി. വിമത എംഎൽഎമാർക്കെതിരെ നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഉദ്ധവ് താക്കറെ പക്ഷം വീണ്ടും വിഷമത്തിലായത്. മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന് നാളെ നിയമസഭ ചേരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ഉദ്ധവ് താക്കറെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിരസിച്ച കോടതി ഹർജിയിൽ വാദം ഈ മാസം 11 ന് കേൾക്കാമെന്ന് അറിയിക്കുകയായിരുന്നു.
മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന്റെ ആദ്യ നിയമസഭ നാളെ സമ്മേളിക്കും. ഇത് തടസ്സപ്പെടുത്തുന്നതിന് വേണ്ടിയാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. 16 എംഎൽഎമാരെ കോടതി അയോഗ്യരാക്കിയാൽ സഭയിൽ ബിജെപിയുടെ ഭൂരിപക്ഷത്തിന് ഇടിവുണ്ടാകും. ഇത് മാത്രമല്ല ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും നഷ്ടമാകും. രാവിലെയോടെയാണ് ഉദ്ധവ് താക്കറെ ഹർജിയുമായി സുപ്രീംകോടതിയിയെ സമീപിച്ചത്.
Comments