ഹോളിവുഡിന്റെ മനം കവര്‍ന്ന് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍. 2022 ലെ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ മിഡ്സീസൺ അവാർഡിന് ആര്‍ആര്‍ആര്‍ അർഹമായി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. രാം ചരണിനെയും ജൂനിയർ എൻടിആറിനെയും നായകന്മാരാക്കി എസ്എസ് രാജമൗലി ഒരുക്കിയ ചിത്രം മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ടോപ്പ് ഗൺ: മാവെറിക്ക്, ദി ബാറ്റ്മാൻ, എൽവിസ്, ദ അൺബെയറബിൾ വെയ്റ്റ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളോടാണ് ആർആർആർ മത്സരിച്ചത്.
എവരിത്തിംഗ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. നിസ്സാര വോട്ടുകൾക്കാണ് ആര്‍ആര്‍ആര്‍ രണ്ടാമതായി മാറിയത്. എവരിത്തിംഗ് എവരിവെയർ ഓൾ അറ്റ് വൺസ് അവാർഡ് കരസ്ഥമാക്കിയെന്നും അതേസമയം, ആർആർആർ റണ്ണേഴ്സ് അപ്പ് സ്ഥാനം നേടിയെന്നും ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പറഞ്ഞു. പോസ്റ്റിന് താഴെ ആർആർആർ ആരാധകർ ഒരേ പോലെ സന്തോഷവും ദുഖവും പങ്കുവെച്ചു. ആർആർആർ ആണ് അവാർഡിന് അർഹമായതെന്ന് പലരും കുറിച്ചു.
തിയറ്ററിൽ വൻ വിജയം തീർത്ത ആർആർആർ 1000 കോടിയാണ് കരസ്ഥമാക്കിയത്. തിയറ്റരിന് പിന്നാലെ ഓടിടി റിലീസ് നടത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയുടെ അതിർത്തി ഭേദിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചിത്രം പ്രശംസ കൊണ്ട് മൂടപ്പെട്ടു. ഹോളിവുഡിൽ നിന്നും നിരവധി പേരാണ് അഭിനന്ദമായി രംഗത്ത് വന്നത്. ക്യാപ്റ്റൻ അമേരിക്ക, ബാറ്റ്മാൻ ബിയോണ്ട് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ ജാക്സൺ ലാൻസിങ്, അമേരിക്കൻ ക്രൈംസ്റ്റോറി പോലുള്ള അമേരിക്കൻ ടിവി ഷോകളുടെ തിരക്കഥകൃത്തും നിർമ്മാതാവുമായ ലാറി കരസ്വവ്സ്കി, അമേരിക്കൻ കോമിക് ബുക്ക് എഴുത്തുകാരനായ ബ്രയാൻ ലിങ്ക് തുടങ്ങിയവർ ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.
Comments