സമൂഹമാദ്ധ്യമങ്ങളെ പിടിച്ച് കുലുക്കി നടൻ ധനുഷ്. പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രവുമായാണ് താരം വരുന്നത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയതോടെ ചിത്രം ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെടുകയാണ്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് കഴിഞ്ഞദിവസമാണ് നടന്നത്. പിന്നാലെയാണ് പുതിയ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
മുഖം മറച്ചു കൊണ്ട് ബൈക്കിൽ ചീറിപ്പായുന്ന നായകനെയാണ് മോഷൻ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ധനുഷിന്റെ തോളിൽ ഒരു തോക്കും കാണാൻ സാധിക്കും. 1930-40 കാലഘട്ടത്തിലെ കഥയായിരിക്കും സിനിമയിൽ പറയുക എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ധനുഷിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രമായിരിക്കും ക്യാപ്റ്റൻ മില്ലർ.
റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ക്യാപ്റ്റൻ മില്ലർ. അരുൺ മാതേശ്വരന്റെ ആദ്യ രണ്ട് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജനാണ് ചിത്രം നിർമ്മിക്കുന്നത്.
Comments