മുംബൈ: അധികാരം നഷ്ടമായതോടെ ഉദ്ധവ് താക്കറെ പക്ഷത്തെ തള്ളിപ്പറഞ്ഞ് സമാജ് വാദി പാർട്ടി. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ വേണ്ടി മാത്രമാണ് തങ്ങൾ ശിവസേനയെ സഹിച്ചത്. മുസ്ലീങ്ങളെ വേട്ടയാടുന്ന കാര്യത്തിൽ ബിജെപിയും ഉദ്ധവും ഷിൻഡെയും ഒരേ പോലെയാണെന്ന് സമാജ് വാദി പാർട്ടി മഹാരാഷ്ട്ര അദ്ധ്യക്ഷനും എം എൽ എയുമായ അബു അസീം അസ്മി ആരോപിച്ചു.
ഇന്ന് ശിവസേന ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് മാറ്റി. മഹാരാഷ്ട്രയിൽ മതേതരത്വം പുലരണം എന്ന് കരുതിയാണ് ഇതൊക്കെ ഞങ്ങൾ കണ്ടില്ലെന്ന് നടിച്ചത്. ബാബറി മസ്ജിദ് തകർത്തത് തങ്ങളാണെന്നും, തങ്ങൾ അതിൽ അഭിമാനം കൊള്ളുന്ന ശിവസൈനികരാണെന്നും അവർ നിയമസഭയിൽ പറഞ്ഞു. അതും ഞങ്ങൾ നിശബ്ദമായി സഹിച്ചു. അസ്മി കൂട്ടിച്ചേർത്തു.
അതേസമയം, എൻഡിഎ സ്ഥാനാർത്ഥി രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 164 പേരുടെ പിന്തുണയോടെയായിരുന്നു രാഹുലിന്റെ വിജയം. 145 വോട്ടുകളാണ് രാഹുലിന് വിജയിക്കാൻ ആവശ്യമായിരുന്നത്. ഓപ്പൺ വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ സമാജ് വാദി പാർട്ടി വിട്ട് നിന്നു. വോട്ടെടുപ്പ് സമയത്ത് സമാജ് വാദി പാർട്ടി എംഎൽഎമാരായ അബു ആസ്മിയും റയീസ് ഷെയ്ഖും സീറ്റിൽ ഇരിക്കുകയായിരുന്നു.
Comments