യുവനടിയെ പീഡിപ്പിച്ച കേസിൽ ഏഴ് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ കൂടെ നിന്നവർക്കെല്ലാം നന്ദിയറിയിച്ച് നടൻ വിജയ് ബാബു. കഴിഞ്ഞ 70 ദിവസമായി തന്നെ ജീവനോടെ തുടരാൻ സഹായിച്ചതിൽ ദൈവത്തിന് നന്ദിയുണ്ടെന്നും കുടുംബവും സുഹൃത്തുക്കളുമാണ് ജീവിക്കാൻ പ്രേരിപ്പിച്ചതെന്നും വിജയ് ബാബു പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസത്തെ പരിമിതമായ കസ്റ്റഡി ചോദ്യം ചെയ്യൽ ഇന്ന് അവസാനിക്കുകയാണ്. ബഹുമാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുമായി സത്യസന്ധമായും പൂർണമായും സഹകരിച്ചു. തെളിവുകളും വസ്തുതകളും എഡിറ്റ് ചെയ്യാതെ തന്നെ സമർപ്പിച്ചിട്ടുണ്ട്..
എന്റെ മനസിൽ നിരവധി അസ്വസ്ഥമായ ചിന്തകളാണ് ഉയർന്ന് വന്നിരുന്നത്. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത് കഴിഞ്ഞ 70 ദിവസമായി എന്നെ ‘ജീവനോടെ’ നിലനിർത്തിയ ദൈവത്തിന് നന്ദി. എന്റെ കുടുംബവും സുഹൃത്തുക്കളും കാരണമാണ് ജീവിച്ചത്. നിങ്ങൾ നൽകിയ കരുത്തുറ്റ വാക്കുകളാണ് എനിക്ക് ജീവശ്വാസം നൽകിയത്. സത്യം ഒടുവിൽ ജയിക്കുക തന്നെ ചെയ്യും.
പ്രിയ മാദ്ധ്യമങ്ങളേ,
നിങ്ങളുടെ എല്ലാ ചോദ്യത്തിനുമുള്ള മറുപടിയും എന്റെ പക്കലുണ്ട്. എന്നാൽ കേസിനെ കുറിച്ച് കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും ബഹുമാനപ്പെട്ട കോടതിയോടും മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ.. എന്നതിൽ ക്ഷമ ചോദിക്കുന്നു. അതുവരെ എന്റെ സിനിമകൾ എന്നെക്കുറിച്ച് സംസാരിക്കും.. എനിക്ക് പകരം സിനിമകൾ പറയും..
ചിലർ പറയാറുണ്ട്.. ‘തകർന്ന’ മനുഷ്യനെക്കാൾ ശക്തനായ മറ്റൊന്നില്ലെന്ന്! ദൈവം അനുഗ്രഹിക്കട്ടെ..”
പോസ്റ്റിന് താഴെ വലിയ തോതിലാണ് പ്രതികരണങ്ങളെത്തിയത്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ 27 മുതലാണ് വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ 9 മുതൽ വൈകിട്ട് ആറ് വരെയായിരുന്നു ചോദ്യം ചെയ്യൽ. പരാതിയിൽ പരാമർശിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ച് വിജയ് ബാബുവുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം നടന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പരാതിക്കാരിയായ യുവനടി.
Comments