മുംബൈ: സംസ്ഥാന വികസനത്തിനായി ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകുമെന്ന് അറിയിച്ചതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്‌ട്രയുടെ വികസനത്തിനും വളർച്ചയ്‌ക്കും പൂർണ പിന്തുണ നൽകിയതായും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയായ ശേഷം സ്വദേശമായ താനെയിലെ പ്രവർത്തകരെ അഭിസംബോധന ചെയ്ത അവസരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ മണ്ഡലത്തിലും വികസന പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സംസ്ഥാനത്ത് മാറ്റങ്ങൾ സംഭവിക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങൾ അധർമം പ്രവർത്തിച്ചിട്ടില്ലെന്നും പ്രക്ഷോഭം സൃഷ്ടിച്ചിട്ടില്ലെന്നും ഷിൻഡെ വ്യക്തമാക്കി. ശിവസേന സ്ഥാപകൻ ബാലസാഹിബ് താക്കറെ അധർമ്മത്തിനെതിരെ പ്രവർത്തിക്കാനാണ് പ്രവർത്തകരെ പഠിപ്പിച്ചതെന്നും ഈ ആശയങ്ങൾ തന്നെയാണ് തന്റെ രാഷ്‌ട്രീയ ഗുരു ആനന്ദ് ദിഗെയും പകർന്നു നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് നേതാക്കളുടെ ആശീർവാദവും ജനങ്ങളുടെ ആഗ്രഹവുമാണ് തന്നെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പ്രവർത്തകരെ സന്ദർശിക്കാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി എന്ന നിലയിലല്ല നിങ്ങളുടെ ഇടയിലെ കാര്യകർത്താവെന്ന നിലയിൽ പ്രവർത്തിക്കുമെന്ന് ഷിൻഡെ പറഞ്ഞു. എത്ര ഉയരങ്ങളിൽ എത്തിയാലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള ശിവ സൈനിക് അവശേഷിക്കുമെന്നും വ്യക്തമാക്കി.
ഷിൻഡെയ്‌ക്ക് അനുകൂലമായി നിന്ന 50 എംഎൽഎമാർക്ക് വരുന്ന തിരഞ്ഞെടുപ്പിൽ തോൽവി ഉണ്ടാകില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.സത്യം മാത്രമെ വിജയത്തിലെത്തുയുള്ളുയെന്നും ഗുവാഹട്ടി ദേവിയുടെ അനുഗ്രഹം എല്ലാവരുടെയും കൂടെ ഉണ്ടെന്നും പറഞ്ഞു.
Comments