സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഭരണഘടനയെ അവഹേളിച്ചതിൽ പ്രധാനപ്രതിയും മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ | Saji Cheriyan’s anti-Constitution remarks

Published by
Janam Web Desk

കണ്ണൂർ: മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനം ഭരണഘടനയോടും ഭരണഘടനാ ശിൽപ്പികളോടുമുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ഇപ്പോൾ വ്യക്തമായി. ഇതോടെ ഭരണഘടനയെ അഹേളിച്ചതിലുള്ള പ്രധാന പ്രതി സ്ഥാനത്ത് മുഖ്യമന്ത്രി വന്നിരിക്കുകയാണെന്ന് കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മന്ത്രി പറഞ്ഞത് നാക്ക് പിഴ അല്ലെന്നും പ്രസംഗത്തിൽ നിരവധി തവണ അദ്ദേഹം ഭരണഘടനയെ അവഹേളിക്കുന്നുണ്ടെന്നതും വ്യക്തമാണ്. അദ്ദേഹം അത് തിരുത്താൻ പോലും തയ്യാറായില്ല. മന്ത്രിക്ക് രാജിയല്ലാതെ മറ്റ് മാർഗമില്ല. മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ഗവർണർ പറഞ്ഞത്.

പരസ്യമായി ഒരു മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നടപടി വേണ്ടായെന്ന സിപിഎം തീരുമാനം വിനാശകരവും അവിവേകപൂർണവുമാണ്. ധിക്കാരപരമായ നിലപാടാണിത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കുമെതിരായ ഈ നിലപാട് ബിജെപി അംഗീകരിക്കില്ല.

മന്ത്രി സജി ചെറിയാൻ രാജിവെക്കും വരെ ബിജെപി നിയമപരമായും രാഷ്‌ട്രീയമായും പോരാടും. സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കിൽ അവർക്ക് ഇത് ഇരട്ട പ്രഹരമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Share
Leave a Comment