റാഞ്ചി: ഝാർഖണ്ഡിൽ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം. കുന്ദി ജില്ലയിൽ സാമൂഹ്യവിരുദ്ധർ ക്ഷേത്രം തകർത്തു. ദുംക, ലോഹർദാഗ എന്നിവടങ്ങളിൽ ക്ഷേത്രങ്ങളുടെ പരിസരത്ത് പശു ഇറച്ചി എറിഞ്ഞ് അശുദ്ധിയാക്കി. കഴിഞ്ഞ ദിവസങ്ങളിലായാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണങ്ങൾ നടന്നത്.
കുന്ദിയിലെ ദിവാരി പാത്ര വനമേഖലയ്ക്ക് സമീപത്തെ ശിവക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിലെ ശിവലിംഗം സാമൂഹ്യവിരുദ്ധർ പിഴുത് മാറ്റിയ നിലയിൽ ആയിരുന്നു. നേരത്തെയും ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. തുടർച്ചയായി ക്ഷേത്രം ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തുവന്നിട്ടുണ്ട്.
ദുംക, ലോഹർദാഗ എന്നിവിടങ്ങളിലെ ശിവക്ഷേത്രങ്ങളാണ് അശുദ്ധിയാക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ പശുവിന്റെ തലയുൾപ്പെടെ വലിച്ചെറിഞ്ഞാണ് സാമൂഹ്യവിരുദ്ധർ അശുദ്ധിയാക്കിയിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകളും വിശ്വാസികളും രംഗത്ത് എത്തിയിട്ടുണ്ട്.
തുടർച്ചയായി ക്ഷേത്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ശക്തമായ നടപടി വേണമെന്നാണ് വിശ്വ ഹിന്ദു പരിഷത് ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകളുടെ ആവശ്യം. അതേസമയം സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചതായാണ് പോലീസ് പറയുന്നത്.
Comments