മലേഷ്യയിലെ ക്വാലാലംപൂരിൽ മതനിന്ദ ആരോപിച്ച് മുസ്ലീം യുവതിയെ അറസ്റ്റ് ചെയ്തു. കോമഡി ക്ലബ്ബിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇസ്ലാമിനെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്നാണ് ആരോപണം. 26കാരിയായ സിതി നുറമിറ അബ്ദുള്ളയാണ് അറസ്റ്റിലായത്. മുസ്ലീങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ഇവർ നിഷേധിച്ചു.
പരിപാടിയ്ക്കിടെ ഹിജാബ് ഊരിമാറ്റി ചെറിയ വസ്ത്രം ധരിച്ച് പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുകയും, അതുവഴി ഇസ്ലാമിനെ അപമാനിച്ചുവെന്നുമാണ് പ്രധാന ആരോപണം. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് ഇവർക്കെതിരെ പരാതി പോലീസിന് ലഭിക്കുന്നത്. പരിപാടി അവതരിപ്പിക്കുമ്പോൾ സിതി ഹിജാബാണ് ധരിച്ചിരിക്കുന്നത്. എന്നാൽ അൽപ്പസമയത്തിനുള്ളിൽ ഇവർ ഇത് ഊരിമാറ്റുന്നതും കാണാം.
സംഭവം വിവാദമായതോടെ ഇവർ പങ്കെടുത്ത പരിപാടിയും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കേസിൽ കോടതിയിൽ വാദം പുരോഗമിക്കുകയാണ്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. നിലവിൽ 3.5 ലക്ഷത്തോളം രൂപ കെട്ടിവച്ച് ഇവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. രാജ്യം വിടില്ലെന്ന് ഉറപ്പാക്കാൻ പാസ്പോർട്ട് കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചു.
Comments