ബെംഗളൂരു; കിക്ക്-ബോക്സറായ യുവാവ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവിലെ കെ1 അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിനിടെയാണ് ദാരുണമായ സംഭവം. മൈസൂരു സ്വദേശിയായ നിഖിൽ എന്ന യുവാവാണ് മരിച്ചത്. കെ1 കിക്ക്-ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവെയായിരുന്നു സംഭവം.
എതിരാളിയിൽ നിന്നും മുഖത്തേക്ക് ഇടി കിട്ടിയതിന് പിന്നാലെ കുഴഞ്ഞുവീണ നിഖിൽ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച നിഖിൽ ജൂലൈ 10നായിരുന്നു മരിച്ചത്. സംഘാടകരുടെ വീഴ്ചയാണ് തന്റെ മകന്റെ മരണത്തിന് കാരണമായതെന്ന് നിഖിലിന്റെ പിതാവ് ആരോപിച്ചു. മത്സരം സംഘടിപ്പിച്ച സ്ഥലത്ത് യാതൊരുവിധത്തിലുള്ള വൈദ്യപരിശോധന സൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്നും ആവശ്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതാണ് മകന്റെ മരണത്തിന് കാരണമായതെന്നും പിതാവ് ആരോപിച്ചു.
മത്സരം നടന്ന സ്ഥലത്ത് ആംബുലൻസും പരിശീലനം ലഭിച്ച മെഡിക്കൽ സ്റ്റാഫും ഗുണനിലവാരമുള്ള ഫൈറ്റിംഗ് പ്ലാറ്റ്ഫോമും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്ന് നിഖിലിന്റെ പരിശീലകനായ വിക്രം നാഗരാജ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ ശരിയായി പാലിക്കാതെ മത്സരം സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി.
Comments