മലയാള സിനിമയുടെ ഇതിഹാസം എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ. പതിവിലും വിപരീതമായി ഇത്തവണ ആഘോഷം സിനിമ സെറ്റിലായിരുന്നു ആഘോഷിച്ചത്. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും സിനിമയുടെ ലൊക്കേഷനിലാണ് പിറന്നാളാഘോഷം നടന്നത്.
മോഹൻലാൽ, പ്രിയദർശൻ, സന്തോഷ് ശിവൻ, ദുർഗാ കൃഷ്ണ എന്നിവർ ആഘോഷത്തിൽ പങ്കുചേർന്നു. 1970 ൽ എംടിയുടെ തിരക്കഥയിൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും സിനിമ അരനൂറ്റാണ്ടിനു ശേഷം പുനഃസൃഷ്ടിയ്ക്കുകയാണ് പ്രിയദർശൻ. ചിത്രത്തിന്റെ തൊടുപുഴയ്ക്കടുത്തുള്ള ലൊക്കേഷനിലാണ് ആഘോഷം നടന്നത്. ആഘോഷങ്ങൾ പതിവില്ലാത്ത എംടി, പ്രിയപ്പെട്ടവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പിറന്നാൾ ആഘോഷിച്ചത്.
കേക്ക് മുറിച്ചതിനുശേഷം സിനിമ സംഘത്തിനൊപ്പം സെറ്റിൽ പിറന്നാൾ സദ്യയും എംടി കഴിച്ചു. എംടിയുടെ നവതി വർഷം മലയാള സിനിമ ആഘോഷമാക്കുകയാണ്. അദ്ദേഹത്തിന്റെ 10 കഥകളാണ് ഒരുമിച്ചു സിനിമയാകുന്നത്. ചിത്രങ്ങളുടെ എല്ലാം തിരക്കഥ എഴുതുന്നതും എംടി തന്നെയാണ്.















