മുംബൈ: മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെയും മഹാവികാസ് അഖാഡി സഖ്യത്തെയും പിടിച്ചുലച്ച സംഭവമായിരുന്നു ശിവസേനയെ പിളർത്തിയ ഏകനാഥ് ഷിൻഡെയുടെ നീക്കം. എന്നാൽ ഷിൻഡെ അസ്വസ്ഥനാണെന്ന് മനസിലാക്കിയ ഉദ്ധവ് ബിജെപിയെ സ്വാധീനിച്ച് ഷിൻഡെയെ ഒറ്റപ്പെടുത്താൻ നീക്കം നടത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസിനെയാണ് ഉദ്ധവ് ബിജെപിയുടെ സഹായം തേടി സമീപിച്ചത്.
ഷിൻഡെയ്‌ക്ക് പിന്തുണ നൽകരുതെന്നും ബിജെപിക്ക് നേരിട്ട് താനുമായി ഡീൽ ഉണ്ടാക്കാമെന്നുമായിരുന്നു ഉദ്ധവിന്റെ വാഗ്ദാനം. ഷിൻഡെയ്‌ക്ക് പകരം ശിവസേന പൂർണമായി ബിജെപിക്ക് ഒപ്പം നിൽക്കുമെന്നും ഉദ്ധവ് പറഞ്ഞിരുന്നു. എന്നാൽ ബിജെപി ഈ നിർദ്ദേശം നിരസിക്കുകയായിരുന്നു. ഉദ്ധവിന്റെ നീക്കങ്ങൾ അടുത്തറിഞ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമിത് ഷായെയും പ്രധാനമന്ത്രിയെയും വരെ ഉദ്ധവ് വിളിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവർ ആരും പ്രതികരിച്ചില്ല. 2019 ൽ ബിജെപി സഖ്യത്തിൽ നിന്ന് പിൻമാറിയാണ് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം സർക്കാർ രൂപീകരിച്ചത്. 106 എംഎൽഎമാരുമായി സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബിജെപി അന്ന് പ്രതിപക്ഷത്ത് ഇരിക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഉദ്ധവിന്റെ കോൺഗ്രസ് പ്രീണന നയങ്ങളിലും സഖ്യധർമ്മത്തിന്റെ പേരിൽ ശിവസേനയുടെ അടിസ്ഥാന ആശയങ്ങളിൽ വെളളം ചേർത്തതുമാണ് ഏകനാഥ് ഷിൻഡെ അടക്കമുളള എംഎൽഎമാരെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്.
Comments