തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്ക്രബ് ടൈഫസ്) ബാധിച്ച് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 11കാരൻ സിദ്ധാർത്ഥാണ് ചികിത്സയിലിരിക്കെ മരിച്ചത്. കിളിമാനൂർ രതീഷ്, ശുഭ ദമ്പതികളുടെ മകനാണ് സിദ്ധാർത്ഥ്.
ഏകദേശം ഒരാഴ്ച മുമ്പായിരുന്നു കുട്ടിക്ക് പനി കൂടുതലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കിളിമാനൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെ ചെള്ളുപനിയാണെന്ന സംശയം രൂപപ്പെട്ടു. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുട്ടി മരിച്ചത്.
നേരത്തെയും ജില്ലയിൽ രണ്ട് പേർ ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു. തിരുവനന്തപുരത്തെ പല മലയോര പ്രദേശങ്ങളിലും നിരവധി പേർക്ക് സ്ക്രബ് ടൈഫസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതുബാധിച്ചുള്ള മരണം അപൂർവ്വമാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് പേർ ചെള്ളുപനി ബാധിച്ച് മരിച്ചിരിക്കുന്നതെന്ന വസ്തുത ആശങ്കാജനകമാണ്.
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി. ഇത് സ്ക്രബ് ടൈഫസ് എന്നും അറിയപ്പെടുന്നു. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. അതേസമയം മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറുപ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ചെള്ളുപനി ജീവനെടുത്തേക്കാം.
Comments