ചണ്ഡീഗഡ്: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കിടെ പ്രദേശവാസിയെ ആക്രമിച്ച നിഹാംഗ് സിഖ് വംശജന് തടവ് ശിക്ഷ വിധിച്ച് കോടതി. 10 വർഷം തടവിനാണ് സോനിപത് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഖാലി സ്വദേശിയായ മൻപ്രീത് ആണ് പ്രതിഷേധങ്ങൾക്കിടെ പ്രദേശവാസിയെ കത്തി കൊണ്ട് ആക്രമിച്ചത്. തടവിന് പുറമേ ഇയാൾക്ക് 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു സംഭവം. കുണ്ഡിൽ സ്വദേശിയായ ശേഖർ ആണ് ആക്രമണത്തിന് ഇരയായത്. ഇരുചക്രവാഹനത്തിൽ പ്രതിഷേധത്തിനിടയിലൂടെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു ശേഖറും സുഹൃത്ത് സണ്ണിയും. ഇതിനിടെ മൻപ്രീതും മറ്റ് നിഹാംഗുകളും ചേർന്ന് തടഞ്ഞു നിർത്തി. ഇതോടെ ശേഖറും നിഹാംഗുകളുമായി വാക്കുതർക്കം ഉണ്ടായി. ഇതിനിടെ മൻപ്രീത് ശേഖറിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ശേഖറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ജില്ലാ സെഷൻസ് ജഡ്ജി അജയ് പരഷാർ ആണ് മൻപ്രീതിന് തടവ് ശിക്ഷയും പിഴയും വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഒൻപത് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി നിർദ്ദേശിച്ചു.
Comments