തിരുവനന്തപുരം; എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിന് പിന്നിൽ സിപിഎം തന്നെയാണെന്ന ജനം ടിവി വാർത്ത പുറത്ത വന്നതിന് പിന്നാലെ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന യുവനേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. പടക്കമേറിന് ശേഷം സിപിഎം വഞ്ചിയൂർ ലോക്കൽ സെക്രട്ടറിയും മുൻ നഗരസഭ അംഗവുമായ ഐപി ബിനു ഇട്ട പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്‌ക്ക് കാരണമാകുന്നത്.
മുഖംമൂടിയും ധരിച്ച് ഒരു ഉണക്ക പടക്കം വലിച്ച് എറിഞ്ഞാൽ തീർന്നുപോകുന്നതല്ല .സിപിഎം എന്ന മഹാ പ്രസ്ഥാനം ഓർത്താൽ നല്ലത് എന്ന ക്യാപ്ഷനോടെ ആക്രമണത്തിന്റേതെന്ന് കരുതുന്ന വീഡിയോ വീഡിയോ ആണ് ബിനു പോസ്റ്റ് ചെയ്തിരുന്നത്. സംഭവത്തിൽ ബിനുവിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതോടെ ഈ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. എകെജി സെന്റർ ആക്രമണം രാഷ്‌ട്രീയ നാടകമായിരുന്നുവെന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള സർക്കാർ ശ്രമമായിരുന്നുവെന്നുമാണ് പോസ്റ്റിന് താഴെ വരുന്ന വിമർശനം.
എകെജി സെന്ററിന്റെ മുമ്പിലൂടെ 12 തവണ കടന്ന് പോയ ചുവന്ന ആക്ടീവയുടെ ഉടമയായ സിപിഎം പ്രവർത്തകൻ വിജയ് സംഭവം നടന്ന ദിവസം ഐപി ബിനുവിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഈ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ഇതിനെ പറ്റി അന്വേഷണമുണ്ടായില്ല. ഐപി ബിനുവിനെതിരെ ലഭിച്ച ഫോൺ കോൾ തെളിവുകളുടെ തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.
ഇതിനിടയിൽ പോലീസ് ചോദ്യം ചെയ്ത ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയുടെ ഫോണിലെ ഐപി ബിനുവും വിജയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ചില ഉന്നത ഉദ്യോഗസ്ഥർ ഡിലീറ്റ് ചെയ്തു.
ഐപി ബിനുവിനെയും പാർട്ടിയെയും സംരക്ഷിക്കാനായി സിഡിആർ രേഖകളിൽ പോലും സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സതീഷ് കൃത്രിമം കാട്ടി എന്ന് ജനം ടിവി കണ്ടെത്തിയിരുന്നു. തെറ്റായ വിവരങ്ങളാണ് ഡിസിപി അങ്കിത്ത് അശോകന് എസി റിപ്പോർട്ട് ചെയ്തത്. ഇനി ബാക്കി നിൽക്കുന്ന ആകെയുള്ള തെളിവ് ടെലികോം സർവീസ് പ്രൊവൈഡർ നൽകിയ എഡിറ്റ് ചെയ്യാത്ത സിഡിആർഉം, പടക്കമേറ് നടക്കുന്നതിന് മുൻപും പിൻപുമുള്ള ദൃശ്യങ്ങളുമാണ്.
Comments