ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ്. എതിരാളികളെ ഇല്ലാതാക്കാൻ ദേശീയ ഏജൻസികളെ രാഷ്ട്രീയ ഉപകരണങ്ങളായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ചോദ്യം ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷയെ വിളിപ്പിച്ചതോടെയാണ് പാർട്ടി നേതാക്കൾ ബിജെപിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.
സോണിയാ ഗാന്ധിക്ക് ഇഡി സമൻസ് അയച്ച സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അപലപിച്ചു. ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ സോണിയയുടെ മൊഴി രേഖപ്പെടുത്താൻ ഇഡി ഉദ്യോഗസ്ഥർ അവരുടെ ജൻപഥിലെ വസതിയിൽ പോകുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിക്കുള്ള വ്യക്തിപ്രഭാവവും, 70 വയസിന് മുകളിലാണ് പ്രായമെന്നതും കണക്കിലെടുത്ത് ചോദ്യം ചെയ്യലിനായി സോണിയയുടെ വീട്ടിലേക്ക് ചെല്ലുന്നതായിരുന്നു ഇഡി കാണിക്കേണ്ട മര്യാദ. ഇഡിയുടേയും സിബിഐയുടേയും മേധാവികളെ തനിക്കൊന്ന് കാണണം. കേന്ദ്ര ഏജൻസികളെക്കുറിച്ച് ജനങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് അവരെ അറിയിക്കണം. അവരുടെ പെരുമാറ്റം വളരെയധികം നിലവാരം കുറഞ്ഞതാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ന് സോണിയ ഗാന്ധി ഇഡിക്ക് മുമ്പിൽ ഹാജരായിരുന്നു. നേരത്തെ ചോദ്യം ചെയ്യലിനായി സമൻസ് അയച്ചിരുന്നുവെങ്കിലും കൊറോണ പിടിപ്പെട്ടതോടെ സോണിയയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരായ സോണിയയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. കൊറോണാനന്തര ദേഹാസ്വാസ്ഥ്യം കണക്കിലെടുത്ത് സോണിയയുടെ അഭ്യർത്ഥന പ്രകാരം വേഗം വിട്ടയച്ചുവെന്നാണ് വിവരം. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
Comments