കൊല്ലം : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദും ഹാജരാകണം. പാർട്ടിയിലെ മുൻ പ്രാദേശിക നേതാവ് പ്രിഥ്വിരാജ് തന്നെ സസ്പെന്റ് ചെയ്ത നടപടി അസാധൂകരിക്കണം എന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിലാണ് നടപടി.
തന്റെ കേസ് തീരുമാനമാകുംവരെ കുണ്ടറ ബ്ലോക്കിൽനിന്ന് കെ.പി.സി.സി. അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രിഥ്വിരാജ് ഹർജി നൽകിയിരുന്നു. തുടർന്നാണ് അടിയന്തിര സമൻസ് ഉത്തരവായത്. പത്രവാർത്തയിലൂടെയാണ് താൻ സസ്പെൻഷനിലാണെന്ന വിവരം അറിയുന്നത് എന്നും പ്രിഥ്വിരാജ് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണത്തെ തുടർന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയാണ് പ്രിഥ്വിരാജിനെ സസ്പെന്റ് ചെയ്ത്.
മുതിർന്ന അഭിഭാഷകർ മുഖേന നേരത്തെ സോണിയ ഗാന്ധിക്കും, കെപിസിസി, ഡിസിസി അദ്ധ്യക്ഷൻമാർക്കും നോട്ടീസ് അയച്ചിരുന്നു. ഇതിൽ പ്രതികരണങ്ങളൊന്നും ലഭിക്കാതെ വന്നതോടെയാണ് മുൻസിഫ് കോടതിയെ സമീപിച്ചത്.
Comments