ന്യൂഡൽഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെയും രാജ്യത്തിന്റെ മുൻ രാഷ്‌ട്രപതിമാരുടെയും അപൂർവ ഫോട്ടോകളടങ്ങിയ പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങുന്നു. ജൂലൈ 24 ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാകും പ്രകാശനമെന്ന് അധികൃതർ വ്യക്തമാക്കി. കാലാവധി അവസാനിക്കുന്ന രാഷ്‌ട്രപതി കോവിന്ദ്, നിയുക്ത രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യും.
‘മൂഡ്‌സ്,മൊമന്റ്‌സ് ആന്റ് മെമ്മറീസ് ‘എന്ന പുസ്തകത്തിൽ 1950 മുതൽ 2017 വരെയുള്ള രാഷ്‌ട്രപതിമാരുടെ ദൃശ്യ ചരിത്രവും രാഷ്‌ട്രപതി ഭവന്റെ ചരിത്രവുമാകും ഉണ്ടാവുക. ‘ഫസ്റ്റ് സിറ്റിസൺ ‘ എന്ന പുസ്തകത്തിൽ കോവിന്ദിന്റെ കാലാഘട്ടത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഇന്റർപ്രെറ്റിംഗ് ജ്യോമെട്രിസ് ഫ്‌ലോറിംഗ് ഓഫ് രാഷ്‌ട്രപതി ഭവൻ’ എന്ന മൂന്നാമത്തെ പുസ്തകത്തിൽ സർ എഡ്വിൻ ലൂട്ടിൻസ് 1912 ൽ ഇന്ത്യൻ വൈസ്രോയിക്കായി രൂപകൽപ്പന ചെയ്ത ഫ്‌ലോറിംഗ് പാറ്റേണുകളുടെ അതുല്യ ശേഖരമാണുള്ളത്.
പുസ്തകങ്ങളുടെ ഫോട്ടോ പ്രദർശനവും ഉണ്ടാകും. രാം നാഥ് കോവിന്ദിന്റെ ചിത്രമാകും ആദ്യം പ്രദർശിപ്പിക്കുകയെന്നും വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്വദേശ-വിദേശ പര്യടനങ്ങൾ, പ്രമുഖരുമായുള്ള ചർച്ചകൾ തുടങ്ങിയവ പ്രദർശിപ്പിക്കുമെന്നും അറിയിച്ചു. രാഷ്‌ട്രപതി ഭവനിൽ സജ്ജീകരിച്ചിരിക്കുന്ന ഫോട്ടോ ആർക്കൈവിൽ നിന്നുമാണ് ഇവ തിരഞ്ഞെടുക്കുന്നത്. 1987 ൽ രാഷ്‌ട്രപതിയായിരുന്ന ആർ വെങ്കിട്ടരാമൻ മദ്ധ്യപ്രദേശിലെ കുട്ടികളുമായി നൃത്തം ചെയ്യുന്നത്, ആദ്യ വനിത രാഷ്‌ട്രപതിയായിരുന്ന പ്രതിഭാ പട്ടേൽ എയർഫോഴ്‌സ് സ്‌കൂളിൽ എത്തിയതിന്റെ ചിത്രങ്ങളുൾപ്പെടെ പുസ്തകങ്ങളിലുണ്ട്.
രാജ്യത്തിന്റെ 14-ാമത് രാഷ്‌ട്രപതിയായി 2017 ജൂലൈ 25 നാണ് കോവിന്ദ് ചുമതലയേറ്റത്. ജൂലൈ 24 ന് സ്ഥാനമൊഴിയുന്ന അദ്ദേഹത്തിന്റെ പിൻഗാമിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
Comments