ന്യൂഡൽഹി: ശിവസേനാ പാർട്ടി പദവിക്കായി ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ സുപ്രീംകോടതിയിൽ. മാഹാരാഷ്ട്രയിലെ അധികാരമാറ്റവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയിൽ നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് ഉദ്ധവിന്റെ വാദം. അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഉദ്ധവ് ഹർജിയിൽ ആവശ്യപ്പെടുന്നു.
യാഥാർത്ഥ ശിവസേന തങ്ങളാണെന്ന് ഉദ്ധവ് പക്ഷം അവകാശവാദം ഉന്നയിക്കുമ്പോൾ പാർട്ടിയിൽ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനാവശ്യപ്പെട്ട് ഇരുവിഭാഗങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. ശിവസേനയുടെ ഉദ്ധവ് പക്ഷം ജനറൽ സെക്രട്ടറി സുഭാഷ് ദേശായിയാണ് ഹർജി സമർപ്പിച്ചത്.
പാർട്ടിയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഉദ്ധവ് സുപ്രീംകോടതിയിൽ അഭയം തേടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിൽ വിരലിലെണ്ണാവുന്ന ജനപ്രതിനിധികൾ മാത്രമാണ് ഉദ്ധവിനൊപ്പമുള്ളത്. അൻപതോളം എംഎൽഎമാരും സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ഏകനാഥ് ഷിൻഡെയ്ക്കൊപ്പമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചതിന് ശേഷം ഷിൻഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 8-ന് മുമ്പായി ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനാണ് ഇരുവിഭാഗങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
Comments