ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപ്പത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ സോണിയാ ഗാന്ധിയ്ക്കെതിരായ ഇഡി അന്വേഷണത്തിനെതിരെ ഭീഷണിയുമായി വനിതാ കോൺഗ്രസ് നേതാവ്. സോണിയാ ഗാന്ധിയ്ക്കെതിരെ നീങ്ങിയാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് യശോമതി താക്കൂർ പറഞ്ഞു. കേസിൽ സോണിയാ ഗാന്ധിയുടെ മൂന്നാംവട്ട ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു വനിതാ നേതാവിന്റെ പ്രതികരണം.
നാൾക്കു നാൾ ഭരണഘടന തകർന്നുകൊണ്ടിരിക്കുകയാണെന്ന് യശോമതി ആരോപിച്ചു. ഇന്ന് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ആരെങ്കിലും തങ്ങളുടെ നേതാവ് സോണിയ ഗാന്ധിയെ ഉപദ്രവിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല. രാജ്യത്ത് നിയമ വ്യവസ്ഥയുണ്ടെന്നും യശോമതി താക്കൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം ആയിരുന്നു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയാ ഗാന്ധിയെ അവസാനമായി ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ സോണിയയിൽ നിന്നും മൊഴിയെടുത്തിരുന്നു. നിലവിൽ സോണിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടില്ല. മൊഴികൾ പരിശോധിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം.
Comments