കോട്ടയം: ബിജെപിയിൽ ചേരുമെന്ന വാർത്ത തെറ്റാണെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയും രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയ്‌ക്ക് വോട്ട് ചെയ്തുവെന്നതും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും ബിജെപിയിലേക്ക് താൻ പോകില്ല എന്ന് മാദ്ധ്യമങ്ങളോട് മാണി സി കാപ്പൻ പറഞ്ഞു.
താൻ ബിജെപിയിൽ ചേരുകയാണെന്ന തരത്തിൽ വാർത്തകൾ സൃഷ്ടിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചിലർ ആഘോഷമാക്കുകയാണെന്ന് എംഎൽഎ പറഞ്ഞു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയ്‌ക്ക് വോട്ട് രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെ വോട്ട് ചെയ്തുവെങ്കിൽ നട്ടെല്ലോടെ അത് തുറന്ന് പറയുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനെതിരെ താൻ പറഞ്ഞുവെന്ന വാർത്തയും തെറ്റാണ്. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് കെ. സുധാകരനുമായി തനിക്കുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ വികസനം ആട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. തോറ്റ എംഎൽഎ തോറ്റ സ്ഥാനത്ത് ഇരുന്നാൽ പോരെ എന്നും ജോസ് കെ മാണിയെ തിരികെ കൊണ്ടു വരണോ എന്ന കാര്യത്തിൽ തന്റെ അഭിപ്രായം യു.ഡി.എഫ് യോഗത്തിൽ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.















