ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആറാം മെഡൽ കരസ്ഥമാക്കിയ ഭാരോദ്വഹനതാരം അചിന്ത ഷീലിയെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗുപദി മുർമു.സ്വർണ്ണ മെഡലിലൂടെ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ അചിന്തയ്ക്ക് അഭിനന്ദനങ്ങൾ. പരാജയങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് വിജയത്തിലെത്താൻ കഴിഞ്ഞ അചിന്തയുടെ വിജയത്തിൽ പങ്കുചേർന്നു കൊണ്ട് ട്വിറ്ററിലൂടെയാണ് ആശംസ അറിയിച്ചത്.
പുരുഷൻമാരുടെ 73 കിലോ ഭാരോദ്വഹനത്തിൽ 313 കിലോ ഭാരം ഉയർത്തിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. 143 കിലോയാണ് അവസാന ഘട്ടത്തിൽ ഉയർത്തിയത്. ഇതോടെ റെക്കോർഡ് പിറക്കുകയായിരുന്നു. മെഡൽ ലഭിച്ചതിൽ വളരെ സന്തോഷമെന്നും തന്റെ വിജയം സഹോദരനും പരിശീലകർക്കും സമർപ്പിക്കുന്നതായും അചിന്ത പറഞ്ഞു. അടുത്ത ലക്ഷ്യം ഒളിംപിക്സാണെന്നും പരിശീലനം ഉടനെ തുടങ്ങുമെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീലിയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. സിനിമകൾ വളരെയധികം ഇഷ്ടപ്പെടുന്ന ഷീലിയ്ക്ക് പരിശീലന തിരക്കുകളിൽ അവ കാണാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ഇനി സ്വസ്ഥമായി സിനിമകൾ കാണാമെന്നും മോദി പറഞ്ഞു. കോമൺവെൽത്ത് ഇന്ത്യൻ സംഘവുമായി സംവദിക്കുന്ന വീഡിയോയിലാണ് ഷീലിയ്ക്ക് ആശംസയുമായെത്തിയത്.
Comments