തിരുവനന്തപുരം: സ്വന്തമായി സ്‌പോർട്‌സ് ടീം സജ്ജീകരിക്കാനുളള തിരുവനന്തപുരം കോർപ്പറേഷന്റെ നീക്കം തുടക്കത്തിലേ വിവാദത്തിൽ. ജനറൽ വിഭാഗത്തിലും എസ് സി,എസ്ടി വിഭാഗത്തിലും പ്രത്യേകം ടീമുകളെ തിരഞ്ഞെടുത്തതാണ് വിവാദമായത്. നഗ്നമായ ജാതിവെറിയാണ് കോർപ്പറേഷന്റെ നീക്കത്തിൽ പ്രകടമാകുന്നതെന്ന് ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. കോർപ്പറേഷന്റെ തീരുമാനത്തിൽ പ്രതിഷേധവും ശക്തമാകുകയാണ്.
മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലും ജാതി തിരിച്ചുളള സെലക്ഷൻ കൃത്യമായി അടിവരയിടുന്നുണ്ട്. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് സി /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്ന് മേയർ വ്യക്തമായി പറയുന്നുണ്ട്.
സമൂഹ മാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. കായിക മേഖലയെ ജാതീയ വൽക്കരിക്കാനുള്ള നടപടികളാണ് നഗരസഭയുടെ ഭാഗത്ത് നിന്നും കൈക്കൊള്ളുന്നതെന്നാണ് ആക്ഷേപം
25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുകയെന്നും ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായിക മത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ ഇതിനുളള കൃത്യമായ ആസൂത്രണമോ കാര്യമായ പദ്ധതികളോ നഗരസഭയുടെ കൈയ്യിൽ ഇല്ലെന്നതാണ് വാസ്തവം. അതും മേയറുടെ അറിയിപ്പിൽ വ്യക്തമാണ്. കായിക താരങ്ങളുമായും കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്‌പോർട്‌സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തുമെന്നും ബൃഹത്തായ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മേയർ പറയുന്നു.
എന്നാൽ യാതൊരു ആസൂത്രണവും ഇല്ലാതെ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതിൽ നഗരസഭയിലെ പ്രതിപക്ഷ പാർട്ടികളും അസ്വാഭാവികത ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിൽ തന്നെ നിരവധി അഴിമതി ആരോപണങ്ങൾ ഉയരുന്ന നഗരസഭ അത്തരമൊരു നീക്കത്തിനാണോ ഇതിലൂടെ ശ്രമിക്കുന്നതെന്നും സംശയം ശക്തമാകുകയാണ്.
Comments