ഡൽഹി: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലോ പ്രതിസന്ധിയിലോ അകപ്പെടാൻ പോകുന്നില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിൽ മാന്ദ്യം സംഭവിക്കാൻ സാധ്യത പൂജ്യമാണെന്നാണ് ബ്ലൂംബെർഗ് സർവേ റിപ്പോർട്ട് ചെയ്യുന്നത് എന്ന് ലോക്സഭയിൽ മന്ത്രി വ്യക്തമാക്കി. വിലക്കയറ്റം സംബന്ധിച്ചുള്ള വിഷയത്തിൽ ആഴ്ചകളോളം പാർലമെന്റ് പ്രതിപക്ഷ പാർട്ടികൾ തടസ്സപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മിക്ക രാജ്യങ്ങളേക്കാളും മികച്ചതാണെന്നും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. ലോകസഭയിൽ അധീർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. സമ്പദ്വ്യവസ്ഥ സംബന്ധിച്ച് യഥാർത്ഥത്തിൽ വസ്തുതകൾ മുൻനിർത്തിയുള്ള ചർച്ചകളായിരുന്നില്ല പ്രതിപക്ഷം നടത്തിയത്. മറിച്ച് വെറും രാഷ്ട്രീയ ചർച്ച മാത്രമാണ് നടന്നതെന്നും നിർമ്മല സീതരാമൻ വിമർശിച്ചു.
ഏകദേശം 30 എംപിമാർ വിലക്കയറ്റത്തെക്കുറിച്ച് സംസാരിച്ചു. എന്നാൽ മിക്കവരും വസ്തുതകൾ അടിസ്ഥാനമാക്കിയുള്ള ആശങ്കകളേക്കാൾ രാഷ്ട്രീയ വാദങ്ങളാണ് ഉയർത്തിയതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനങ്ങൾക്ക് താൻ ഉറപ്പു തരുന്നു. പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പോലും ഭാരതത്തിന് നിലകൊള്ളാനും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും കഴിയുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. നാണയ ചില്ലറ പണപ്പെരുപ്പം കുറയ്ക്കാൻ സർക്കാർ തീവ്രമായി ശ്രമിക്കുന്നുണ്ട്. നാണയ ചില്ലറ പണപ്പെരുപ്പം 7 ശതമാനത്തിൽ താഴെയാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
Comments