കണ്ണൂർ : കണ്ണൂരിൽ ആഡംബര വിവാഹത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയ നടപടി വിവാദമാകുന്നു. പോലീസ് അസോസിയേഷനാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 5600 രൂപയ്ക്കാണ് ഉദ്യോഗസ്ഥരെ വാടകയ്ക്ക് കൊടുത്തത്. ഒരാള്‍ക്ക് 1400 രൂപയായിരുന്നു വാടക. കമ്മീഷണറുടെ ഉത്തരവിലാണ് നിരക്ക് ഇടാക്കിയത് എന്നും വിവരമുണ്ട്.
നിയമപരമല്ലാത്ത ഒരു കാര്യത്തിനും പോലീസിനെ ഉപയോഗിക്കാൻ പാടില്ലെന്ന് കേരളാ പോലീസ് ആക്ട് സെക്ഷൻ 62-ൽ പറയുന്നുണ്ട്. വ്യക്തിക്കോ സ്വത്തിനോ സൗജന്യമായോ ഫീസ് ഈടാക്കിയോ പ്രത്യേക പോലീസിനെ നിയോഗിക്കാൻ അധികാരമല്ല. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ആവശ്യമാണെങ്കിൽ അതിന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ സേവനം കേരളത്തിൽ ലഭ്യമാണ്.
പാനൂർ മൊകേരിയിലാണ് ജൂലായ് 31-ന് നടന്ന വിവാഹത്തിന് നാല് പോലീസുകാരെ കാവലിന് വിട്ടുകൊടുത്തത്. നിരക്ക് ഇടാക്കി പോലീസ് സേവനം നൽകാറുണ്ടെങ്കിലും ആഡംബര വിവാഹം പോലുള്ള പരിപാടികൾക്ക് ഷോ കാണിക്കാൻ പോലീസുകാരെ നിയോഗിക്കാറില്ലെന്ന് പോലീസ് അസോസിയേഷൻ വിമർശിച്ചു.
പോലീസ് സേവനത്തിനായി സമീപിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്നും ഇത്തരക്കാർ തങ്ങളുടെ വലുപ്പം മറ്റുള്ളവരെ അറിയിക്കാൻ പോലീസ് ഉദ്യോഗസ്ഥന് 1400 അല്ല ലക്ഷം രൂപ വരെ നൽകുമെന്നാണ് പോലീസുകാർ വിമർശിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പോലീസ് അസോസിയേഷൻ നിവേദനം നൽകി. സോഷ്യൽ മീഡിയയിലും ഇതിനെതിരെ വിമർശനം ശക്തമാണ്. കേരളാ പോലീസ് ഇത്രയും അധഃപതിച്ചോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
Comments