ന്യൂഡൽഹി: രാജ്യത്ത് മതവികാരം വ്രണപ്പെടുത്തുകയും രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുകയും ചെയ്ത കുറ്റത്തിന് കേരളത്തിൽ 2018 മുതൽ 2020 വരെയുളള മൂന്ന് വർഷം അറസ്റ്റിലായത് 552 പേർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്‌സഭയിലാണ് കണക്കുകൾ പുറത്തുവിട്ടത്. തൃണമൂൽ എം പി മിമി ചക്രവർത്തി സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2018നും 2020നും ഇടയിലായി രാജ്യത്ത് മൊത്തം 4794 പേരെ ഈ കുറ്റങ്ങളിൽ അറസ്റ്റ് ചെയ്തതായി മന്ത്രി പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. 2018ൽ 1716, 2019 ൽ 1315, 2020ൽ 1763 എന്നിങ്ങനെയാണ് ഓരോ വർഷവും തിരിച്ചുളള കണക്ക്. മതം, ജന്മസ്ഥലം, വംശം എന്നിവയെ പരാമർശിക്കുന്ന കേസുകളിൽ അറസ്റ്റിലായവരുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാണ് ഇത്തരം കേസുകളിൽ പിന്നിൽ. യുപിയിൽ 628 പേരും തമിഴ്‌നാട്ടിൽ 613 പേരും ആന്ധ്രയിൽ 387 പേരും ഇക്കാലയളവിൽ ഇതേ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റിലായതായി കണക്കുകളിൽ പറയുന്നു. മണിപ്പൂരിൽ 23 പേരും അസമിൽ 351 പേരും അറസ്റ്റിലായിട്ടുണ്ട്.
ജമ്മു കശ്മീരിൽ 34 പേരാണ് അറസ്റ്റിലായത്. കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക് പുതുച്ചേരി ലക്ഷദ്വീപ് ചണ്ഡിഗഢ് എന്നിവിടങ്ങളിൽ ഒരു അറസ്റ്റ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണ് ഈ വിവരം മന്ത്രി പങ്കുവെച്ചത്.
Comments