ന്യൂഡൽഹി : ഏറെ കാലമായി മയങ്ങിക്കിടന്ന ഭാരതം ഇന്ന് സർവ്വ ശക്തിയുമെടുത്ത് തിരിച്ചെത്തിയിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് ലോകത്തെ അറിയിക്കാൻ വേണ്ടി ജനങ്ങൾ ഹർ ഘർ തിരംഗ ക്യാമ്പെനിന്റെ ഭാഗമാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം കുതിക്കുകയാണെന്നും ഒരു വലിയ ശക്തിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടന്ന തിരംഗ ഉത്സവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു പുതിയ ഭാരതം നിർമ്മിക്കപ്പെടുകയാണ്. 2014 മുതൽ ലോക രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള മതിപ്പ് വർദ്ധിക്കുന്നത് കാണാം. ഇന്ത്യൻ പതാകയോട് അവർക്കുള്ള ബഹുമാനവും ഇതോടൊപ്പം വർദ്ധിച്ചിട്ടുണ്ട്. ഏതൊരു അന്താരാഷ്ട്ര പ്രശ്നത്തിലും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കുന്നത് വരെ, ലോകരാജ്യങ്ങൾ അന്തിമ തീരുമാനത്തിൽ എത്താറില്ല.
ഇന്ത്യൻ പതാക രൂപകൽപന ചെയ്ത സ്വാതന്ത്ര്യ സമര സേനാനി പിംഗളി വെങ്കയ്യയുടെ ഓർമ്മയ്ക്കായി സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ആഘാഷപരിപാടിയിലാണ് അമിത് ഷാ പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാവരും അവരവരുടെ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രങ്ങൾ ത്രിവർണ്ണ പതാകയാക്കണമെന്ന് അമിത് ഷാ നിർദ്ദേശിച്ചു. ഇതിലൂടെ രാജ്യത്തിന് വേണ്ടി പതാക രൂപകൽപന ചെയ്ത പിംഗളി വെങ്കയ്യയ്ക്കും ഇന്ത്യയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്കും നിങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.
Comments