ആലപ്പുഴ: കളക്ടറായ വിആർ കൃഷ്ണ തേജ ഐഎഎസ് ആലപ്പുഴക്കാർക്ക് സുപരിചിതനാണ്. പ്രളയകാലത്ത് കരുതലോടെ ഒപ്പം നിന്ന ആ സബ്കളക്ടറെ ആലപ്പുഴക്കാർ അത്ര പെട്ടന്നൊന്നും മറക്കില്ല. ഇന്ന് കളക്ടർ പദവിയിലിരിക്കുമ്പോഴും സ്നേഹത്തിലും കരുതലിനും ഒട്ടും കുറവില്ലാതെ ജനങ്ങളോടൊപ്പം നിന്ന് കുരുന്ന് മനസുകളിൽ വരെ ഇടം പിടിക്കുകയാണ് വിആർ കൃഷ്ണ തേജ.
പെരുമഴക്കാലത്ത് അവധി കാത്ത് കളക്ടറുടെ ഫേസ്ബുക്ക് പേജിൽ എത്തി നോക്കുന്ന കുട്ടികൾക്ക്. അവധി പ്രഖ്യാപനത്തിനൊപ്പം നിർദ്ദേശങ്ങളും മുന്നറിയിപ്പും നൽകുന്ന കളക്ടർ മാമനായി മാറിയിരിക്കുകയാണ് അദ്ദേഹം.
പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം.ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടർ മാമൻ
എന്ന ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോൾ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ച് കളക്ടറിട്ട പോസ്റ്റും വൈറലായിരുന്നു.
Comments