മുംബൈ: മഹാരാഷ്ട്രയിൽ കോടികളുടെ മയക്കുമരുന്നുമായി അഞ്ച് പേർ പിടിയിൽ.പാൽഘർ ജില്ലയിലെ നലസോപാരയിൽ നടത്തിയ റെയ്ഡിൽ 1,400 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ ഓർഗാനിക്ക് കെമിസ്ട്രിയിൽ ബിരുദാനന്ദര ബിരുദധാരിയായ യുവാവ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത ലഹരി മരുന്നായ മെഫെഡ്രോണാണ് സംഘത്തിന്റെ രഹസ്യ കേന്ദ്രത്തിൽ നിർമ്മിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക് സെൽ റെയ്ഡ് നടത്തുകയായിരുന്നു.
പിടിയിലായ കെമിസ്ട്രി ബിരുദധാരിയാണ് മയക്കുമരുന്ന് നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയിരുന്നത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം നിരോധിച്ചിരിക്കുന്ന സൈക്കോട്രോപിക് പദാർത്ഥമായ സിന്തറ്റിക് ഉത്തേജകമാണ് പിടികൂടിയത്. ‘മ്യാവൂ മ്യാവൂ’ അല്ലെങ്കിൽ എംഡി എന്നും മെഫെഡ്രോൺ അറിയപ്പെടുന്നു.
Comments