പാലക്കാട്: യുവമോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ നടന്ന തിരംഗ റാലിയിൽ കൊച്ചു കുട്ടിയുടെ ദേശഭക്ത മുദ്രാവാക്യം വിളി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വന്ദേ വന്ദേ വന്ദേ മാതരം എന്ന് ഉച്ചത്തിൽ വിളിക്കുന്നതും ഒപ്പമുളളവർ ഏറ്റുവിളിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം പതിനായിരങ്ങളാണ് കണ്ടതും പങ്കുവെച്ചതും.
മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ കൊച്ചുകുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യവും യുവമോർച്ച റാലിയിൽ പങ്കെടുത്ത കുട്ടി വിളിച്ച ദേശഭക്തി മുദ്രാവാക്യവും തമ്മിലുളള വ്യത്യാസം പരാമർശിച്ചാണ് സോഷ്യൽ മീഡിയയിൽ വീഡിയോ തരംഗമാകുന്നത്. ഇതേ പരാമർശവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനും ഉൾപ്പെടെ വീഡിയോ പങ്കുവെച്ചു കഴിഞ്ഞു. നിരവധി ബിജെപി പ്രവർത്തകരും ഇത് ഏറ്റെടുത്തു.
ആലപ്പുഴയിൽ കേട്ടതുപോലെ അരിയും മലരുമല്ല ഈ കൊച്ചുമിടുക്കന്റെ കണ്ഠങ്ങളിൽ നിന്നുയരുന്നത് വന്ദേമാതരവും ഭാരത് മാതാ കീ ജയ് യുമാണ്… ഇത് പാലക്കാട് ആണ്… ഇവിടെ ഇങ്ങനെ ആണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് പ്രശാന്ത് ശിവന്റെ വാക്കുകൾ. രാജ്യവിരുദ്ധതയല്ല, രാജ്യ സ്നേഹമാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും അങ്ങനെ ചെയ്താൽ ആലപ്പുഴയിൽ കേട്ടതുപോലുളള വിദ്വേഷ മുദ്രാവാക്യങ്ങൾ കേൾക്കേണ്ടി വരില്ലെന്നും കമന്റുകളിൽ അഭിപ്രായങ്ങൾ നിരന്നുകഴിഞ്ഞു.
പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊച്ചു കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഹിന്ദുക്കൾ മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന അവലും മലരും വാങ്ങിവെയ്‌ക്കാനും ക്രിസ്ത്യാനികൾ സംസ്‌കാര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കുന്തിരിക്കം വാങ്ങിവെയ്‌ക്കണമെന്നും മര്യാദയ്‌ക്ക് ഞങ്ങളുടെ നാട്ടിൽ ജീവിച്ചാൽ നിങ്ങൾക്ക് കൊള്ളാം എന്നുമൊക്കെ ആയിരുന്നു മുദ്രാവാക്യമായി കുട്ടി വിളിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ കേസെടുക്കാൻ പോലീസ് നിർബന്ധിതമാകുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Comments